ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ എടുത്ത ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഐഎസ്ആര്‍ഒ തന്നെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും ഐഎസ്ആര്‍ഒ അറിയിച്ചിട്ടുണ്ട്.
ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ എടുത്തതാണ് ചിത്രങ്ങള്‍. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ മോഡ്യൂളും ബംഗളൂരുവിലെ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കും തമ്മിലുള്ള ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ന് വൈകുന്നേരം 6.06നാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചന്ദ്രയാന്‍ 3 വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറി. ചന്ദ്രയാന്‍ മൂന്ന് മിഷനിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം ലാന്‍ഡിങ് ആയിരുന്നില്ലെന്നും വിക്ഷേപണം തന്നെയായിരുവെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
വിക്രം ലാന്‍ഡറും പ്രഗ്വാന്‍ റോവറും അടങ്ങുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തെ വഹിച്ച് കൊണ്ടാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് റോക്കറ്റ് നിര്‍വഹിച്ചതെന്നും സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
‘36,500 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രനിലേക്കുള്ള പാതയില്‍ പേടകത്തെ എത്തിക്കുന്ന ഘട്ടം ശരിയായ രീതിയിലാണ് നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍3 മോഡ്യൂളിനെ വേര്‍പെടുത്തി. തുടര്‍ന്ന് ആറ് തവണ ഭൂമിയെ ഭ്രമണം ചെയ്തു. ജൂലൈ 15 ന് ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് മുമ്പ് പരമാവധി 36,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചു. ആദ്യ ഭ്രമണപഥം ഉയര്‍ത്തലിലൂടെ ദൂരം 41,670 കിലോമീറ്ററിലേക്ക് എത്തി.’സോമനാഥ് പറഞ്ഞു.