X

നിറയെ ദുരൂഹതകളും ആശങ്കകളും

എന്‍.എസ്. അബ്ബാസ് കോട്ടയം

കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രകാരം റെയില്‍വേ ലൈന്‍ എഴുപത് കിലോമീറ്റര്‍ ദൂരം കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളിലുടെ കടന്നുപോകണം. ചങ്ങനാശേരിയിലെ മാടപ്പള്ളി മുതല്‍ വൈക്കം താലൂക്കിലെ മുളക്കുളം വരെ പ്രദേശങ്ങള്‍ പദ്ധതിയിലാണ്. മുളക്കുളം,പെരുവ,ഞീഴൂര്‍,കാട്ടാംമ്പാക്ക്,തോട്ടുവാ ,നസ്രത്ത്ഹില്‍,കടത്തൂര്‍,വെമ്പള്ളി,പട്ടിത്താനം ,വള്ളിക്കാട്,മംഗലം കലുങ്ക്,ഊറ്റക്കുഴി,ചെറുവാണ്ടൂര്‍,പേരൂര്‍,കണ്ടംചിറ,പാറമ്പുഴ,ലോ കോളജ്,സൂര്യകാലടി,കൊശമറ്റം കോളനി,നട്ടാശേരി വിമലഗിരി പള്ളി,പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍,കെ കെ റോഡ് കടന്ന് മുട്ടംമ്പലം,കൊല്ലാട്,പനച്ചിക്കാട്,ഞാലിയാകുഴി,എഴുത്തുപള്ളിയും കടന്ന് മാടപ്പള്ളിയില്‍ എത്തുന്നതാണ് ജില്ലയിലെ കെ റെയില്‍. ഇതില്‍ പകുതിയലേറെ ഭൂമി തണ്ണീര്‍ത്തടങ്ങളും നെല്‍പ്പാടങ്ങളുമാണ്. മൂവായിരം കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. വിമലഗിരി പള്ളി,പേരൂര്‍ പള്ളി,ലോ കോളജ്,പ്ലന്റേഷന്‍ കോര്‍പറേഷന്‍ കെട്ടിടം അടക്കം പൊളിച്ചുനീക്കേണ്ടി വരും. നിരവധി ക്ഷേത്രങ്ങളുടേയും ഭൂമി പദ്ധതിയുടെ ഭാഗമായി മാറുമെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി വൈസ് ചെയര്‍മാന്‍ ചാക്കോച്ചന്‍ മണലേല്‍ പറയുന്നു. മുളക്കുളം പ്രദേശത്ത് 100 പാരമ്പര്യ മത്സ്യബന്ധന കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നു. താമസസ്ഥലത്തിനു സമീപമുള്ള മുവാറ്റുപുഴയാറില്‍ മത്സ്യബന്ധനം നടത്തിയാണ് ജീവസന്ധാരണം നടത്തുന്നത്. ഉയരത്തില്‍ നിര്‍മിക്കുന്ന അതിര്‍ത്തി മതിലുകള്‍ 2018 ലേയും 2019 ലേയും പോലുള്ള പ്രളയ സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കും.

പദ്ധതി നിയമ വിരുദ്ധവും,ശുദ്ധ തട്ടിപ്പിനും:ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി എം.ടി തോമസ്

നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പദ്ധതി വിരുദ്ധ ജനകീയ സമിതി സംസ്ഥാന രക്ഷാധികാരി എം. ടി തോമസ് വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെയോ റെയില്‍വേ ബോര്‍ഡിന്റെയോ നീതി അയോഗിന്റെയോ അനുമതി നേടാതെ കെ.ആര്‍. ഡി.സി.എല്‍ ഭൂമിയേറ്റെടുക്കല്‍ പ്രക്രിയക്ക് തുടക്കമിട്ടിരിക്കുന്നത്. കേരളാ ഹൈക്കോടതി റിട്ട് പെറ്റീഷന്‍ 18002/20 ന്റെ 29/01/2021 ലെ വിധിയിലൂടെ ഈ പ്രോജക്ടുമായി മുന്നോട്ടു പോകുന്നതിനു മുമ്പായി കേന്ദ്ര സര്‍ക്കാറിന്റെയും, റെയില്‍വേ ബോര്‍ഡിന്റെയും ഇതര ഏജന്‍സികളുടെയും നിയമാനുസൃത അനുമതി കേരള സര്‍ക്കാര്‍ കരസ്ഥമാക്കിയിരിക്കണമെന്ന് വ്യക്തമായി നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്ന വിഷയത്തില്‍ 2013 ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ 30 വകുപ്പ് അതിന്റെ യഥാര്‍ത്ഥ വാക്കിലും ആത്മാവിലും കൃത്യമായും ഉള്‍ക്കൊണ്ടു മാത്രമേ മുമ്പോട്ട് പോകാവൂ എന്നും കേസില്‍ നിര്‍ദ്ദേശങ്ങളുണ്ട്.

സാമ്പത്തിക ബാധ്യതയും ജനങ്ങള്‍ക്ക് കടുത്ത ഉപദ്രവവും:അഡ്വ.മോന്‍സ് ജോസഫ്

കേരളത്തിന് താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ബാധ്യതയും ജനങ്ങള്‍ക്ക് കടുത്ത ഉപദ്രവവും ഉണ്ടാക്കുന്ന കെ. റെയില്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് നിയമസഭ പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. നിലവിലുള്ള റെയില്‍വെ ലൈന്‍ ബലപ്പെടുത്തി കൊണ്ട് സ്പീഡ് ട്രെയിന്‍ ഇവിടെ ഓടിക്കാന്‍ കഴിയുമെന്ന് മെട്രോ ശ്രീധരന്‍ അടക്കമുള്ള വിദഗ്ധരായ മുഴുവന്‍ പേരും അഭിപ്രായപ്പെട്ടിരിക്കുന്ന കാര്യമാണ്. അതിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണം. നിലവിലുള്ള ട്രെയിനുകള്‍ ഓടിക്കാന്‍ പോലും സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നില്ല.കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്തുകൊണ്ടു നിലവിലുള്ള റെയില്‍വെ സിസ്റ്റം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം.

മറ്റൊരു നന്തിഗ്രാമായി കേരളം മാറും:കെ.സി ജോസഫ്

ജനങ്ങളെ കൂടുതല്‍ സമരമുഖത്തേക്ക് തള്ളി വിടാതിക്കുകയാണ് സര്‍ക്കാരിന് നല്ലതെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫ്. മറ്റൊരു നന്തിഗ്രാമായി കേരളം മാറുന്നത് കാണേണ്ടി വരും. കെ. റെയില്‍ കടന്നുപോകുന്ന എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ സമരങ്ങള്‍ നടത്തുകയാണ്. സമ്മേളനങ്ങള്‍, സമര ജാഥകള്‍, കലക്‌ട്രേറ്റ് മാര്‍ച്ചുകള്‍ എല്ലാം കേരള സര്‍ക്കാര്‍ അവഗണിക്കുകയാണ്. പരിസ്ഥിതിയെയും ജനങ്ങളേയും ദോഷകരമായി ബാധിക്കുന്ന പദ്ധതി സംബന്ധിച്ച് ഒരു പഠനവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഡി.പി.ആര്‍ കൃത്യമല്ല. മുഖ്യമന്ത്രി വിദഗ്ധ അഭിപ്രായം പറയേണ്ടതില്ല. സാമൂഹിക പാരിസ്ഥിതിക പഠനം നടത്തി കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Test User: