കോഴിക്കോട്: കോഴിക്കോട് ബീച്ചിനടുത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍ സോഡ വില്‍പ്പന നടത്തുന്ന കച്ചവട കേന്ദ്രത്തിനെതിരെ ആരോഗ്യ വിഭാഗത്തിന്റെ നടപടി. വൃത്തിഹീനമായ രീതിയില്‍ വില്‍പന നടത്തുന്ന കച്ചവട സ്ഥാപനത്തിനെതിരെയാണ് നടപടി. ഇത്തരത്തില്‍ കണ്ടെത്തിയ ഫുള്‍ജാര്‍ സോഡ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
ബീച്ചിലെ കച്ചവട കേന്ദ്രത്തില്‍ നിന്ന് ഫുള്‍ജാര്‍ സോഡ കുടിക്കാനെത്തിയ യുവാവ് പ്രദേശത്തെ വൃത്തിഹീനമായ സാഹചര്യത്തെ മുന്‍നിര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍ നൈറ്റ് പട്രോളിങ് സംഘത്തെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗമെത്തി പരിശോധിച്ച ശേഷം സോഡ ഉണ്ടാക്കാന്‍ ആവശ്യമായ സാമഗ്രികള്‍ പിടിച്ചെടുക്കുകയായിരുന്നു.
നഗരത്തിലെ എല്ലാ ഫുള്‍ജാര്‍ സോഡ വിപണന കേന്ദ്രവും പരിശോധിക്കുമെന്നും വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍കുമാര്‍, ഇ പി ശൈലേഷ് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ കേരളത്തില്‍ തരംഗമായ പാനീയമാണ് ഫുള്‍ജാര്‍ സോഡ. കൊച്ചിയിലും കോഴിക്കോടുമെല്ലാം ഫുള്‍ജാര്‍ സോഡ തേടി വരുന്നവരുടെ തിരക്കാണിപ്പോള്‍.