കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്.
പച്ചമുളക്, ഇഞ്ചി, പൊതിന എന്നിവ അരച്ച മിശ്രിതവും ഉപ്പും പഞ്ചസാരയും കസ്‌കസും ലായനിയാക്കി ചേര്‍ത്ത് ചെറയ ഗ്ലാസില്‍ ഒരുക്കിയ ശേഷം സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇടുന്നതാണ് ഫുള്‍ജാര്‍ സോഡ.
ഇത്തരം പാനീയങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ യാതൊരു വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ജാര്‍ സോഡ വില്‍പന നടത്തുന്നത്. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്ന ചെറുതും വലുതുമായ ഗ്ലാസുകള്‍ കഴുകാതെയോ അല്ലെങ്കില്‍ വൃത്തിഹീനമായ വെള്ളത്തിലിട്ട് കഴുകുകയോ ആണ് ചെയ്യുന്നത്. ഇത് ഭക്ഷ്യ വിഷബാധയടക്കം നിരവധി രോഗങ്ങള്‍ക്ക് കാരണമായേക്കാം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം വൃത്തിയും വെടിപ്പുമുള്ള കടകളില്‍ നിന്നു മാത്രമേ ഉപഭോക്താക്കള്‍ ഫുള്‍ജാര്‍ സോഡ വാങ്ങാവു എന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ കാണുന്ന കടകളെ പറ്റി അറിയിപ്പ് നല്‍കാനും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.