സോള്‍: ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള ജലം ജപ്പാന്‍ കടലിലേക്ക് ഒഴുക്കിത്തുടങ്ങിയതോടെ ദക്ഷിണകൊറിയയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലേക്ക്. റേഡിയോ ആക്ടീവതയുള്ള ജലം അണുവികിരണത്തിന് കാരണമാകുമെന്നതുകൊണ്ട് മത്സ്യങ്ങള്‍ ഭക്ഷിക്കാന്‍ ആളുകള്‍ വിസമ്മതിക്കുന്നത് മത്സ്യബന്ധന മേഖലയെ സ്തംഭിപ്പിക്കുമെന്ന് ആശങ്കയുണ്ട്.
ദക്ഷിണകൊറിയയില്‍ 90 ശതമാനം ആളുകളും മത്സ്യങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. ജനങ്ങള്‍ സമുദ്ര ഭക്ഷ്യോല്‍പനങ്ങള്‍ ഉപേക്ഷിക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു.ഫുകുഷിമയില്‍നിന്നുള്ള ആണവ ജലം ജപ്പാന്‍ ശുദ്ധീകരിച്ച് കടലില്‍ ഒഴുക്കിത്തുടങ്ങിയ ആദ്യ ദിവസം ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ ഏറ്റവും വലിയ ഹോള്‍സേല്‍ മത്സ്യ മാര്‍ക്കറ്റ് പൊതുവെ ശൂന്യമായിരുന്നു. ഉപഭോക്താക്കളുടെ ആശങ്ക ദൂരീകരിക്കാനായി തങ്ങളുടെ സീഫുഡ് സുരക്ഷിതമാണെന്ന് അറിയിച്ച് ബാനറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ആളുകള്‍ പൊതുവെ മത്സ്യം വാങ്ങാന്‍ എത്തിയില്ല. ചില്ലറ വ്യാപാര മേഖലയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. ആണവ വികിരണത്തിന് കാരണമാകുന്ന ധാതുക്കളെല്ലാം നീക്കം ചെയ്‌തെന്ന് ജപ്പാനിലെ ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും ഉറപ്പുനല്‍കിയിട്ടും പൊതുജനങ്ങളില്‍നിന്ന് ആശങ്ക നീങ്ങിയിട്ടില്ല. ചൈന കൊറിയന്‍ മത്സ്യ ഇറക്കുമതി നിര്‍ത്തി വെച്ചിരിക്കുകയാണ്.