വറുതികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ നട്ടംതിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്നതാണ് ഇന്ധന വിലയില്‍ രണ്ടു രൂപ വര്‍ധന. കോവിഡ് കാലത്തെ ദുരിതത്തിന് ഇതുവരെ അറുതിവന്നിട്ടില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുകയാണ് സാധാരണക്കാര്‍. കോവിഡ് ദുരന്തത്തില്‍ വീണുപോയവര്‍ ഇതുവരെ രണ്ടു കാലില്‍ ഉറച്ചുനിന്നിട്ടില്ല. ജീവിത ചെലവിന്റെ ചെറിയ വര്‍ധനപോലും അവരുടെ ജീവിതത്തിന്റെ താളംതെറ്റിക്കും.
ഇന്ധനത്തില്‍ ചുറ്റിത്തിരിയുന്നതാണ് സാധാരണക്കാരുടെ ജീവിതമെന്നു പറയാം. പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂടുമ്പോള്‍ സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്. പെട്രോളിലെ സെസ് ആദ്യം ബാധിക്കുക അവരെയാണ്. സ്ത്രീകളും ചെറുപ്പക്കാരുമടക്കം ദിവസ വേതനക്കാരുള്‍പ്പെടെ സമയത്തിന് ജോലിക്ക്‌പോയി കുടുംബം പുലര്‍ത്താന്‍ ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനുശേഷം ബസ് സര്‍വീസുകള്‍ പലതും നിര്‍ത്തിയതിനാല്‍ സ്വന്തമായുള്ള ചെറിയ വാഹത്തിലാണ് ആളുകള്‍ പണിക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്.
പെട്രോളിനുതന്നെ നല്ലൊരു തുക വേണ്ടിവരുന്നു. നിത്യകൂലിയില്‍ നിന്ന് ഇത് കണ്ടെത്തണം. ഇന്ധന സെസ് വര്‍ധിപ്പിച്ചതോടെ ഓട്ടോക്കാരും ടാക്‌സിക്കാരും ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടാനിരിക്കുകയാണ്. സ്വകാര്യ ബസ്സുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകഴിഞ്ഞു. കടത്ത്കൂലി കൂടുന്നതോടെ എല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ അത് പ്രതിഫലിക്കുമെന്നുറപ്പാണ്. അതോടെ അവശ്യസാധാനങ്ങളുടെ വില വര്‍ധിക്കാനിട വരും. ജീവിതഭാരം വര്‍ധിക്കാനും ചെലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. ഇപ്പോള്‍തന്നെ വില വര്‍ധനവില്‍ ജനം നടുവൊടിഞ്ഞിരിക്കുകയാണ്.
തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്‍പിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതിചാര്‍ജ്, ബസ്ചാര്‍ജ് ഒക്കെ വര്‍ധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി. ഏകദേശം 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളില്‍ വീഴുന്നത്. കെട്ടിട നികുതി വര്‍ധന അടക്കം പ്രാബല്യത്തില്‍ വരുമ്പോള്‍ കുറേക്കൂടി ആഘാതമുണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധന വില ഉയര്‍ത്തുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന നികുതിയില്‍ ഇളവ് ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാനം അതിനു തയാറായതുമില്ല. നിലവില്‍ റോഡ് സെസ് അടക്കം വാങ്ങുന്നതിന്പുറമെയാണ് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിപ്പിച്ചത്. 750 കോടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അതില്‍ കൂടുതല്‍ ലഭിക്കും. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏര്‍പ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടു വര്‍ഷമായി പെന്‍ഷന്‍ കൂട്ടിയിട്ടില്ല. പെന്‍ഷന്‍ കമ്പനി വഴി കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് പെന്‍ഷന്‍ ബാധ്യത മറ്റ് രീതിയില്‍ ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ മുകളിലിട്ടത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഈ കടുംനടപടിളെല്ലാം വീണത്.
ഭൂമി ഇടപാടുകളും ഏറെ ചെലവേറിയതാകയാല്‍ ഭൂമികച്ചവടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകും. ഇതോടെ തൊഴില്‍ സാധ്യതയും ഇല്ലാതാകും. ഇപ്പോള്‍തന്നെ മിക്കവര്‍ക്കും ആഴ്ചയില്‍ മൂന്നും നാലും ദിവസം മാത്രമേ കൂലി പണി ലഭിക്കുന്നുള്ളു. നിര്‍മാണ സാധനങ്ങളുടെ വില വര്‍ധിക്കുന്നതോടെ സാധാരണക്കാരുടെ വീട് പണിയടക്കം എല്ലാം നിലയ്ക്കും. അതോടെ പണി പിന്നെയും കുറയും. ഒരുനിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പരിമിതമായ തോതില്‍ മാത്രമേ നികുതി വര്‍ധിപ്പിച്ചിട്ടുള്ളൂ എന്നു പറഞ്ഞ് ഇന്നലെ നിയമസഭയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചെയ്തത്.
സര്‍ക്കാറിന്റെ ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അതാണ് ചെയ്തുവരുന്നതും. ബജറ്റില്‍ ഇന്ധന നികുതി കൂട്ടിയതിനെതിരെ പ്രതിപക്ഷം സഭാകവാടത്തില്‍ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്. യുവ എം.എല്‍.എമാരായ നജീബ് കാന്തപുരം, ഷാഫി പറമ്പില്‍, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. നികുതി വര്‍ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സത്യഗ്രഹം.
ഇന്നലെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13 ന് യു.ഡി.എഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്താനും തീരുമാനമുണ്ട്. ഈ സമരത്തില്‍ യു.ഡി.എഫിനൊപ്പം ജനങ്ങളുമുണ്ടാകും. ജനവിരുദ്ധ സര്‍ക്കാറിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി അലയടിക്കണം. കൂട്ടിയ ഇന്ധന നികുതി കുറയ്ക്കുന്നതുവരെ സമരം തുടരേണ്ടതുണ്ട്. ജനകീയ സമരത്തിനുമുന്നില്‍ പത്തി മടക്കുകയല്ലാതെ സര്‍ക്കാറിന് മറ്റു വഴിയൊന്നുമില്ല. അത് എത്രയും പെട്ടെന്നാകുന്നുവോ അത്രയും നന്ന്.