തിരുവനന്തപുരം: ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിച്ചത് നാലു തവണ. ഖജനാവിന് വന്‍നഷ്ടമുണ്ടായിട്ടും ജനങ്ങളുടെ മേല്‍ അധികഭാരം ഉണ്ടാകാതിരിക്കാനായിരുന്നു ഈ തീരുമാനം. ഇതിലൂടെ 619.17 കോടി രൂപയുടെ ആശ്വാസമാണ് ജനങ്ങള്‍ക്ക് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയത്. യു.ഡി.എഫ് അധികാരം വിട്ട 2016 മെയ്മാസം പെട്രോളിന് 64.12 രൂപയും ഡീസലിന് 54.78 രൂപയുമായിരുന്നു വില. ഇപ്പോഴത് യഥാക്രമം 105.76, 94.69 രൂപയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയാണ് ഇതിനു കാരണം.
പെട്രോള്‍, ഡീസല്‍ നികുതി യഥാക്രമം 19.90 രൂപയും 15.80 രൂപയുമായി തുടരുകയാണ്. ഇത് ഇപ്പോഴും ഭീമമായ നിരക്കാണ്. യു.പി.എ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് 27.90 രൂപയായാണ് മോദി സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഡീസലിന് 3.65 രൂപയായിരുന്നത് 21.80 രൂപയായും ഉയര്‍ത്തി. എന്നിട്ടാണ് നാമമാത്ര ആശ്വാസം നല്‍കിയിരിക്കുന്നത്. യു.പി.എ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിരുന്നു. 1,25,000 കോടി രൂപ സബ്‌സിഡി നല്‍കിയാണ് ഇന്ധനവില അന്ന് നിയന്ത്രിച്ചത്. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 112.5 ഡോളറാണ്. റഷ്യയില്‍ നിന്ന് ബാരലിന് ആഗോള വിലയേക്കാള്‍ 30 ഡോളര്‍ കുറച്ചാണ് കേന്ദ്രത്തിനു കിട്ടുന്നത്.