X
    Categories: indiaNews

ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇടിത്തീയായി ഇന്ധന വില വര്‍ധന; 12 ദിവസത്തിനിടെ ഉയര്‍ന്നത് 7.30 രൂപ

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 87പൈസയും ഡീസലിനും ലിറ്ററിന് 84 പൈസയും വീതമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 12 ദിവസത്തിനിടെ ഇത് 10-ാം തവണയാണ് പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കുന്നത്. 7.30 രൂപയാണ് 12 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധിച്ചത്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ മാര്‍ച്ച് 22 മുതലാണ് എണ്ണ വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. പുതുക്കിയ വില അനുസരിച്ച് പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 102.61 രൂപയും മുംബൈയില്‍ 117.57 രൂപയും ചെന്നൈയില്‍ 108.21 രൂപയും കൊല്‍ക്കത്തയില്‍ 112.19 രൂപയുമായാണ് ഉയര്‍ന്നത്. ഡീസല്‍ വില ഡല്‍ഹിയില്‍ 93.87 രൂപയും മുംബൈയില്‍ 101.79 രൂപയും ചെന്നൈയില്‍ 98.28 രൂപയും കൊല്‍ക്കത്തയില്‍ 112.19 രൂപയുമാണ്. സംസ്ഥാനത്ത് പെട്രോളിന് തിരുവനന്തപുരത്താണ് ഏറ്റവും കൂടിയ വില ലിറ്ററിന് 114.14 രൂപ. ഡീസല്‍ ലിറ്ററിന് 100.16 രൂപയുമാണ്. അതേ സമയം യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍ വില വീണ്ടും താഴ്ന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 104.40 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 75.95 എന്ന നിലയിലാണ്.

Test User: