രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ ആരംഭിച്ചിട്ടും രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരുന്നു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഇന്ധന വില വര്‍ധിപ്പിച്ചത് ആറു രൂപയായി.
ഇന്ധന വില ഉയര്‍ന്നതോടെ രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വര്‍ധിക്കാനും തുടങ്ങി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.
ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. അതേസമയം 120 ഡോളര്‍ വരെ എത്തിയിരുന്ന ക്രൂഡോയില്‍ വില തിങ്കളാഴ്ചയോടെ കുറയാന്‍ തുടങ്ങി.
യുക്രെയ്ന്‍-റഷ്യ പോരാട്ടത്തിന്റെ പശ്ചാതലത്തില്‍ കുത്തനെ ഉയര്‍ന്ന രാജ്യാന്തര ക്രൂഡ് ഓയില്‍ വില, ചൈനയില്‍ വന്‍ നഗരങ്ങള്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണിലേക്ക് മാറിയതോടെയാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ചൈനീസ് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ചൈനയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം കുറഞ്ഞതാണ് ക്രൂഡ്ഓയില്‍ വില കുറയാന്‍ കാരണമായത്. ഇന്നലെ 1.18 ഡോളര്‍ കുറഞ്ഞ് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ വില 111.30 ഡോളറിലെത്തി.