X

ഇന്ധന വില സെഞ്ച്വറിയിലേക്ക്; 12 നഗരങ്ങളില്‍ പെട്രോള്‍ 90 കടന്നു

ന്യൂഡല്‍ഹി: ഇന്ധന വിപണിയിലെ കേന്ദ്ര സര്‍ക്കാറിന്റെ പകല്‍കൊള്ള തുടരുന്നു. രണ്ടു മാസത്തിനിടെ 50ാം തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ 12 നഗരങ്ങളില്‍ പെട്രോളിന്റെ വില 90 കടന്നു. ഇതില്‍ 10 സ്ഥലങ്ങളും മഹാരാഷ്ട്രയിലാണ്.

മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടിയ വിലയുള്ള മുംബൈയില്‍ ലിറ്റര്‍ വില തൊണ്ണൂറിലേക്ക് തൊട്ടു നില്‍ക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 89.54 രൂപയും ഡീസലിന് ലിറ്ററിന് 78.42 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഡല്‍ഹിയില്‍ 82.16 രൂപയും കൊല്‍ക്കത്തയില്‍ 83.91 രൂപയും ചെന്നൈയില്‍ 85.31 രൂപയുമാണ് പെട്രോള്‍ വില.

ഡീസല്‍ വിലയിലും കുതിപ്പ് തുടരുകയാണ്. മുംബൈയില്‍ 78.42 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നലത്തെ വില. ഡല്‍ഹി- 73.87, കൊല്‍ക്കത്ത 75.53, ചെന്നൈ 78 എന്നിങ്ങനെയാണ് മറ്റു മെട്രോ നഗരങ്ങളിലെ വില. ഡീഡലിന് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് തെലുങ്കാനയിലെ അദിലാബാദ് ജില്ലയിലാണ്. ഒരു ലിറ്ററിന് 81.70 രൂപയാണ് ഇവിടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പെട്രോള്‍ വില ആറ് ശതമാനവും ഡീസല്‍ വില എട്ട് ശതമാനവുമാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 78.5 ഡോളറാണ്. രണ്ടു ദിവസമായി ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനയില്ലെങ്കിലും രൂപയൂടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നത്. സംസ്ഥാനത്തും എണ്ണവിലയിലെ കുതിപ്പ് തുടരുകയാണ്.
തിരുവനന്തപുരത്ത് 85.52 രൂപയാണ് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കോഴിക്കോട് 84.43 രൂപ, കൊച്ചി 84.17 രൂപ എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. 79.07 രൂപയാണ് തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ ഡീസലിന്റെ വില. കോഴിക്കോട്ട് 78.07 രൂപയും കൊച്ചിയില്‍ 77.81 രൂപയുമാണ് വില.
ഇതിനിടെ എണ്ണവില വര്‍ധനവിനെതുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ഭാരം ലഘൂകരിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അധിക നികുതി വരുമാനം ഉപേക്ഷിച്ചു. ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം ഇതോടെ കുറവു വരും.

chandrika: