X

ഇന്ധന വിലയില്‍ വന്‍ കുറവ്; നേപ്പാളിലേക്ക് ഇന്ത്യക്കാരുടെ കുത്തൊഴുക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെ അയല്‍രാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാന്‍ ഇന്ത്യക്കാരുടെ കുത്തൊഴുക്ക്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് ലിറ്റര്‍ വില. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടുത്ത നിയന്ത്രണങ്ങളോ യാത്രാ വിലക്കോ ഇല്ലാത്തതിനാല്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഇന്ത്യക്കാര്‍ ഇന്ധനം വാങ്ങുന്നതിനായി നേപ്പാളിലേക്ക് ഒഴുകുകയാണ്. ഭാരിതര്‍വ, ബസന്ത്പുര്‍, സെമര്‍വാരി, ഭാലുവാഹിയ, ഭാഗാ തുടങ്ങിയ ഗ്രാമങ്ങളിലാണ് പ്രധാനമായും അതിര്‍ത്തി കടന്നുള്ള ഇന്ധന കച്ചവടം നടക്കുന്നത്.

സ്വന്തം വാഹനത്തില്‍ ഇന്ധനം നിറക്കുന്നതിനു പുറമെ സൈക്കിളിലും മറ്റും വന്ന് വലിയ തോതില്‍ ഇന്ധനം വാങ്ങിക്കൂട്ടുകയാണ്. പിന്നീട് ഇത് ഇന്ത്യയിലെത്തി വില്‍ക്കുന്ന വിധം മാഫിയാ ബിസിനസായും ചിലര്‍ ഇതിനെ ഉപയോഗിക്കുന്നു. ഇതു വഴി വന്‍ ലാഭമാണ് ഉണ്ടാക്കുന്നത്. രാജ്യത്ത് കിട്ടുന്ന വിലയേക്കള്‍ കുറഞ്ഞ വിലയില്‍ ഇവരില്‍ നിന്ന് പെട്രോളും ഡീസലും ലഭിക്കുമെന്നതിനാല്‍ ഇവരെ ആശ്രയിക്കുന്നവരും കൂടുതലാണ്.

അതേസമയം ആളുകള്‍ ഇന്ധനത്തിനായി കടത്തുകാരെ ആശ്രയിച്ചു തുടങ്ങിയതോടെ മേഖലയിലെ പമ്പുകളില്‍ വില്‍പന നന്നേ കുറഞ്ഞു. ഇതോടെ പമ്പുടമകള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.

 

web desk 1: