X

നമ്മളടിക്കുന്ന പെട്രോളില്‍ നിന്ന് കേന്ദ്രവും കേരളവും കൂടി കൊണ്ടുപോകുന്നതെത്ര? ഇതുവഴി സംസ്ഥാനത്തിന് ഒരു ദിവസം മാത്രം കിട്ടുന്നതെത്ര? അറിയാം

ഉമ്മര്‍ വിളയില്‍

നമ്മളടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ നിന്ന് കേന്ദ്രവും കേരളവും കൂടി നികുതിയിനത്തിലും മറ്റുമായി കൊണ്ടുപോകുന്ന തുകയെത്രയെന്ന് കൃത്യമായി അറിയുമോ? കേന്ദ്രവും സംസ്ഥാനവും കൂടി നികുതിയിനത്തില്‍ ഒരു വലിയ തുക ഈടാക്കുന്നുണ്ട് എന്നു മാത്രമേ നമുക്ക് നിശ്ചയമുള്ളൂ. അതെത്രയാണെന്ന് അറിയാന്‍ ഇതുവരെ ശ്രമിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അറിയണം അക്കഥ. ക്രൂഡോയില്‍ വാങ്ങാനും തുടര്‍ന്ന് അത് നമ്മളടിക്കുന്ന പെട്രോളും ഡീസലും ആക്കി മാറ്റാനുമുള്ള ഒരു ചെലവുണ്ടല്ലോ. ആ ചെലവിനേക്കാളേറെയുണ്ട് അതിന്റെ പേരില്‍ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതിക്ക്. എന്നു പറഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയേക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് അതിന്റെ മേലുള്ള നികുതിക്കാണ്.

അതെത്രയെന്ന് കൃത്യമായറിയാം. കഴിഞ്ഞ നവംബര്‍ 4ന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചല്ലോ. അതിനു ശേഷം ഇന്ധന വിലയില്‍ മാറ്റം വന്നിട്ടില്ല. അപ്പോള്‍ നവംബര്‍ നാലിനു ശേഷമുള്ള അഥവാ, നിലവിലെ കണക്കാണ് പറയുന്നത്.

പെട്രോള്‍ വില ആദ്യം പറയാം. നിലവില്‍ പെട്രോളിന് 105.22 രൂപയാണ് വില. ഇതില്‍ ക്രൂഡ്ഓയില്‍ വില 39.4 രൂപ. ശുദ്ധീകരണം, സംസ്‌കരണം എന്നിവക്ക് ശേഷമുള്ള പെട്രോള്‍ വില 48.23 രൂപ. ഡീലര്‍ കമ്മീഷനായിട്ട് 3.85 രൂപ ഒടുക്കണം. ഇത് രണ്ടുംകൂടി കൂട്ടിയാല്‍ നിലവിലെ പെട്രോള്‍ വിലയായ 105.22 രൂപയുടെ പകുതിയാവുന്നില്ല.

ഇനി ഇതിന്റെ നികുതി ഘടന കണക്കാക്കാം. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം ഈടാക്കുന്ന നികുതി 27.90 രൂപ. സംസ്ഥാനം ഈടാക്കുന്ന നികുതി 25.24 രൂപ. അപ്പോള്‍ ലിറ്റര്‍ പെട്രോളിന് 53 രൂപയോളം നികുതിയായിട്ട് മാത്രം കൊടുക്കണം.

ഇതുപോലെ ഡീസലിന്റേതും കണക്കാക്കാം. ഒരു ലിറ്റര്‍ ഡീസല്‍ വില 91.98 രൂപ. പ്രോസസിങ് ഉള്‍പെടെയുള്ള ചെലവുകള്‍ക്ക് ശഷം ഡീസല്‍ വില 49.61 രൂപ. ഇതില്‍ കേന്ദ്രം വാങ്ങുന്ന നികുതി 21.80 രൂപ. സംസ്ഥാനം വാങ്ങുന്ന നികുതി 17.99 രൂപ. ഡീലര്‍ കമ്മീഷന്‍ 2.58 രൂപ. പെട്രോളിന്റെ നികുതിയേക്കാള്‍ കുറവാണല്ലോ ഡീസലിന്റെ നികുതി. അപ്പോള്‍ വില കുറവല്ലേ എന്നു വേണമെങ്കില്‍ വിചിത്ര ന്യായീകരണം നടത്താം. ചുരുക്കത്തില്‍ രണ്ടിലും നടക്കുന്നത് അന്യായമായ കൊള്ളയാണ്.

പ്രതിദിനം ഇന്ധനവില വഴി സംസ്ഥാന സര്‍ക്കാരുണ്ടാക്കുന്ന ലാഭം

ഒരു ദിവസം സംസ്ഥാനത്ത് ശരാശരി 51 ലക്ഷം ലിറ്റര്‍ പെട്രോള്‍ വിറ്റുപോവും. ഒരു ലിറ്ററില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 25 രൂപയും ചില്ലറയുമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെ നോക്കിയാല്‍ 51 ലക്ഷം പെട്രോള്‍ വില്‍ക്കുന്നത് വഴി പ്രതിദിനം കേരളത്തിന് 12 കോടി 75 ലക്ഷം രൂപ പെട്രോളില്‍ നിന്ന് മാത്രം കിട്ടും.

അതേസമയം 63 ലക്ഷം ലിറ്ററാണ് സംസ്ഥാനത്ത് പ്രതിദിനം നടക്കുന്ന ഡീസല്‍ വില്‍പന. ഇതില്‍ ലിറ്ററിന് 18 രൂപവച്ച് സംസ്ഥാനത്തിന് നികുതിയായിട്ട് കിട്ടുമെന്നും നമ്മള്‍ പറഞ്ഞു. അപ്പോള്‍ ആ വഴിക്ക് ഒരു ദിവസം 11 കോടി 34 ലക്ഷം രൂപയും ഖജനാവിലേക്ക് വരവുണ്ടാകും. പെട്രോളിന്റെ പന്ത്രണ്ടേ മുക്കാല്‍ കോടിയും ഡീസലിന്റെ പതിനൊന്നര കോടിയും തമ്മില്‍ കൂട്ടിയാല്‍ മൊത്തം 24 കോടിയിലധികം രൂപയുടെ വരവുണ്ട് സംസ്ഥാനത്തിന്. ഒറ്റ ദിവസത്തെ മാത്രം കണക്കാണിതെന്ന് ഓര്‍ക്കണം. അതും ഇന്ധന കച്ചവടത്തില്‍ നിന്നു മാത്രം.

web desk 1: