X

കൊള്ളയടി തുടരുന്നു,  ഇന്ധന വില വീണ്ടും കൂട്ടി

 

കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികള്‍ കൊള്ളയടി തുടര്‍ന്നു. തുടര്‍ച്ചയായ 13 ദിവസമാണ് വില കൂട്ടുന്നത്. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ 21നാണ് ക്രൂഡിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ബാരലിന് 4932 രൂപ. എന്നാല്‍ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസവും ക്രൂഡ് വില കുറഞ്ഞു. നാലു ദിവസംകൊണ്ട് 329 രൂപയാണ് (5.08 ഡോളര്‍) കുറഞ്ഞത്. എന്നാല്‍, ഈ ദിവസങ്ങളിലും ഇന്ത്യയില്‍ പെട്രോളിന് വില കൂട്ടുകയായിരുന്നു. പെട്രോളിന് 83 പൈസയും ഡീസലിന് 60 പൈസയും കൂട്ടി.

എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ള പക്ഷെ കേന്ദ്ര സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ല. ഒരു ബാരല്‍ (160 ലിറ്റര്‍) ക്രൂഡില്‍നിന്ന് 72.5 ലിറ്റര്‍ പെട്രോള്‍, 34.45 ലിറ്റര്‍ ഡീസല്‍ എന്നിവയ്ക്കുപുറമെ ബിറ്റുമിനും കാര്‍ബണും അടക്കം വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇന്നത്തെ നിരക്കനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയില്‍നിന്നു മാത്രം 8,53,1.35 രൂപ ലഭിക്കും. ബിറ്റ്മിന്‍ അടക്കമുള്ള വസ്തുക്കളുടെ വിലയടക്കം 15,000ത്തോളം രൂപ ലഭിക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ക്രൂഡിന്റെ വിലയാകട്ടെ വെറും 4932 രൂപയും. സംസ്‌കരണച്ചെലവ് കഴിച്ചാലും ഇരട്ടിയിലധികമാണ് ലാഭം.

chandrika: