ജനം എത്രതവണ പറഞ്ഞാലാണ് ഭരണാധികാരികള്‍ അവരുടെ തീരുമാനം മാറ്റുക. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിനാണ് പ്രസക്തിയെങ്കിലും പല കാര്യത്തിലെന്നതുപോലെ ഇന്ധനവില വര്‍ധനയുടെ കാര്യത്തിലും കാര്യങ്ങള്‍ അങ്ങനെയല്ല ഇന്ത്യയിലിപ്പോള്‍. ജനങ്ങളും പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും ഇന്ധനവില വര്‍ധനവിനെതിരെ ശക്തിയുക്തം നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് ഓരോ ദിവസവും അത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണക്കമ്പനികളാണ് ഇതിനുത്തരവാദികളെന്ന് പറയാമെങ്കിലും വാസ്തവത്തില്‍ ജനത്തിന്റെ നടുവൊടിക്കുന്നത് ഭരണാധികാരികള്‍കൂടി ചേര്‍ന്നുകൊണ്ടാണ്. അല്ലെങ്കില്‍ തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുകയും അതുമൂലം ജനജീവിതം അപായത്തിലാകുകയും ചെയ്തിട്ടും ഭരണാധികാരികള്‍ കമാന്നൊരക്ഷരം മിണ്ടാത്തതെന്തുകൊണ്ടാണ്? ഇതൊന്നുമതി ജനങ്ങളോടുള്ള സര്‍ക്കാരുകളുടെ പ്രതിബദ്ധത മനസ്സിലാക്കാന്‍. മുസ്‌ലിം യൂത്ത് ലീഗ് ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സമരം കേരളത്തിന്റെ പ്രതിഷേധമായിരുന്നു.
കോവിഡ് മഹാമാരികാലത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ജീവിതം വലിയ പ്രയാസത്തിലായ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും തലയിലേക്ക് പുതിയ ഭാരം ചേര്‍ത്തുവെക്കുകയാണ് എണ്ണക്കമ്പനികളും സര്‍ക്കാരുകളും. കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ല. നൂറുരൂപയിലെത്തുമോ എന്ന ആശങ്കയെല്ലാം മറികടന്നാണ് ഇന്ധനവില ഇന്നലെയോടെ ലിറ്ററിന് 115 രൂപയിലെത്തിയത്. ലിറ്ററിന് 40 രൂപയോളം വിലവരുന്ന ഇന്ധനത്തിനാണ് ഇരുസര്‍ക്കാരുകളും ചേര്‍ന്ന് 115 രൂപയോളം ഈടാക്കിക്കൊണ്ടിരിക്കുന്നത്.
വാണിജ്യ പാചകവാതകത്തിനുള്ള വില ഇന്നലെ മാത്രം കൂട്ടിയത് 278 രൂപയാണ്. 500 രൂപയോളം വിലയുണ്ടായിരുന്ന ഗാര്‍ഹിക പാചകവാതകത്തിനുള്ള വില 950 രൂപയും. തിങ്കളാഴ്ച തുടര്‍ച്ചയായ ആറാം ദിവസമാണ് പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചത്. 11 മാസംകൊണ്ട് കൂട്ടിയത് 25.83 രൂപ പെട്രോളിനും 25.66 രൂപ ഡീസലിനും. 2021 ജനുവരി ഒന്നിന് പെട്രോള്‍ വില 85.72 രൂപയായിരുന്നെങ്കില്‍ നവംബര്‍ ഒന്നിന് പതിനൊന്നുമാസം തികയുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 112.03 രൂപയാണ്. ഡീസല്‍വില 79.65ല്‍നിന്ന് എത്തിനില്‍ക്കുന്നത് 105.79ഉം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തില്‍ ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുന്നത്. യു.പി.എസര്‍ക്കാരിന്റെകാലത്ത് എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാവകാശം നല്‍കിയപ്പോള്‍ 2014ല്‍ പെട്രോള്‍വില 71 രൂപയായിരുന്നു; ഡീസലിന്റേത് 57 രൂപയും. ഇവ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് ഇല്ലാതായിരിക്കുന്നു. അന്നത്തെ ക്രൂഡ് ഓയില്‍ വിലയാണിന്നും-85 ഓളം ഡോളര്‍. 2016ല്‍ ഡീസലിന്റെ കേന്ദ്ര സര്‍ക്കാര്‍ നികുതി 15.83 രൂപയായിരുന്നെങ്കില്‍ സംസ്ഥാന നികുതി വെറും 9.16 രൂപയായിരുന്നു. പെട്രോളിന്റെ നികുതികള്‍ യഥാക്രമം19.98ഉം 13.76ഉം. ഈ വര്‍ഷം സെപ്തംബര്‍ 23നാണ് പെട്രോള്‍ വില ആദ്യമായി 100 രൂപ കടന്നത്. ഒക്ടോബര്‍ 27ന് പെട്രോളിന്റെ വില 108.87 രൂപയായപ്പോള്‍ കേന്ദ്ര നികുതി 32.98ഉം സംസ്ഥാനനികുതി 25.83ഉം. ഡീസലിന് വില 102.73, കേന്ദ്ര നികുതി 31.83, സംസ്ഥാനനികുതി 20.11. അപ്പോള്‍ വിലവര്‍ധനയുടെ മുഖ്യപങ്ക് ആരാണ് കൊണ്ടുപോകുന്നതെന്നറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. ജനങ്ങളുടെ വോട്ടുകൊണ്ടുവിജയിച്ച പാര്‍ട്ടികളുണ്ടാക്കിയ സര്‍ക്കാരുകള്‍ തന്നെയാണ് അവരുടെ പേരില്‍ ഇത്തരത്തില്‍ പകല്‍ക്കൊള്ള നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ധന വിലക്കയറ്റം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മേലാണ് അമിതഭാരം അടിച്ചേല്‍പിച്ചിരിക്കുന്നത്. ഡീസലിന്റെ വിലവര്‍ധനകാരണം കടത്തുകൂലിയിലുണ്ടായ വര്‍ധന പെട്രോള്‍ വില വര്‍ധനവിനേക്കാള്‍ ഗുരുതരമായി ബാധിക്കുന്നത് എല്ലാ പൗരന്മാരിലുമാണ്. നിത്യോപയോഗ സാധനങ്ങളുടെ വില ഓരോ ദിനവും വര്‍ധിക്കുന്നതിന്റെ കാരണം ഈ വിലക്കയറ്റംതന്നെ.
ഇതിനെതിരെ വലിയജനരോഷം ഉയര്‍ന്നുവരുന്നുവെന്നതിന്റെ തെളിവാണ് ഇന്നലെ കൊച്ചി വൈറ്റില ദേശീയപാതയില്‍ ഉണ്ടായ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരവും തുടര്‍ന്നുണ്ടായ കോലാഹലങ്ങളും. ഒരു ജനകീയസമരമെന്നതിനാല്‍ സമരത്തെ പിന്തുണക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കാരായ എല്ലാവര്‍ക്കുമുള്ളതാണ്. ഇത്തരമൊരു സമരത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നതിന്പകരം അതിലും രാഷ്ട്രീയംകാണുന്ന രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. അതാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് നടന്‍ ജോജുജോര്‍ജ് നടത്തിയ പ്രതിഷേധം അക്രമാസക്തമാകാന്‍ കാരണം. കേരളത്തില്‍ നിത്യേനയെന്നോണം നടക്കുന്ന വഴിതടയല്‍ അടക്കം ജനജീവിതത്തെ തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ നടത്തുന്നവര്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന് ആര്‍ക്കാണ ്അറിഞ്ഞുകൂടാത്തത്. മുമ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ഗതടസ്സംസൃഷ്ടിച്ച് സമരം നടത്തിയ സി. പി.എം നേതാക്കള്‍ക്കെതിരെ പ്രതികരിച്ച വീട്ടമ്മയെ അവര്‍ അധിക്ഷേപിച്ചതിന് വാക്കുകളില്ലായിരുന്നു. ഇന്നലെ ജോജുവിനെ പിന്തുണച്ചും കോണ്‍ഗ്രസിനെ അപലപിച്ചും അതേ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്തുവന്നത് കൗതുകകരമായിരിക്കുന്നു. ഇത്തരമൊരു ജനകീയസമരത്തെ പിന്തുണക്കുകയാണ് സി.പി.എമ്മും ജോജുവുമടക്കമുള്ളവര്‍ സത്യത്തില്‍ചെയ്യേണ്ടത്. എങ്കിലും നടന്റെ വാഹനംതല്ലിത്തകര്‍ത്തതിനെ ന്യായീകരിക്കാനുമാകില്ല. ഇന്ധനവില വര്‍ധിക്കുമ്പോള്‍ അതിനെതിരെ ചെറുവിരലനക്കാതെയും വിലയുടെ പങ്ക് പറ്റുകയും ചെയ്യുന്ന ബി.ജെ.പി-ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് കൊച്ചിയിലെ സമരം പാഠമാകേണ്ടതാണ്.