മുന്നോക്ക സമുദായ ക്ഷേമകോര്‍പറേഷന്‍ സി.പി.എം ഏറ്റെടുത്തതില്‍ കടുത്ത അതൃപ്തിയുമായി കേരള കോണ്‍ഗ്രസ് ബി. നടപടി മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് കത്തയച്ചു.കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ ജി പ്രേം ജിതിനെയാണ് മാറ്റിയത്.
കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് പ്രേംജിത്. ആര്‍. എം രാജഗോപാലന്‍ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയുണ്ട്. കോര്‍പറേഷന്‍ ഏറ്റെടുത്ത സി.പി.എം, അഡ്വക്കേറ്റ് എം. രാജഗോപാലന്‍ നായരെ ചെയര്‍മാനാക്കി ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും ചെയ്തിരുന്നു.
കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ കെബി ഗണേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ.ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം.
പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഗണേഷ് കുമാറിന്റെ വിമര്‍ശനം അതിരു കടന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയെ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വിലയിരുത്തലുണ്ട്.