X

ക്ഷേമ രാഷ്ട്രത്തില്‍ നിന്ന് ക്ഷാമ രാഷ്ട്രത്തിലേക്ക്

ഷംസീര്‍ കേളോത്ത്

നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ഭരണത്തില്‍നിന്ന് രാജ്യം മോചിതയായിട്ട് എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍നിന്നുള്ള കേവല മോചനമല്ലെന്നും അതിലുപരിയായി സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ മുന്നേറ്റവും പൗരന്മാരുടെ അഭിമാനത്തോടെയുള്ള നിലനില്‍പ്പുമാെണന്നും ഗാന്ധിയേയും അംബേദ്കറേയും പോലുള്ള നേതാക്കള്‍ സ്വാതന്ത്ര്യസമരകാലത്ത്തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അവര്‍ മാത്രമല്ല, സ്വാതന്ത്ര്യ പുലരി സ്വപ്‌നംകൊണ്ട് സാമ്രാജ്യത്തിന്റെ മര്‍ദ്ദകസംവിധാനങ്ങളോട് പോരടിച്ച് പൊരുതി വീണവരും സഹജീവികളുടെ കഷ്ടതകള്‍ അവസാനിക്കുന്ന ഉച്ചനീചത്വങ്ങളില്ലാത്ത ഇന്ത്യയേയാണ് ആഗ്രഹിച്ചത്. യൂണിയന്‍ ജാക്കിന്റെ പതാക താഴ്ത്തികെട്ടുക മാത്രമല്ല സ്വയംപര്യാപ്തമായ, പട്ടിണിയും പരിവട്ടവുമില്ലാത്ത നവഭാരത സൃഷ്ടിയെയാണ് സ്വാതന്ത്ര്യമെന്നവര്‍ വിളിച്ചത്. എന്നാല്‍ മനുഷ്യാവകാശങ്ങളില്‍ ഏറ്റവും പ്രഥമ ഗണനീയമായ വിശപ്പില്‍ നിന്നുള്ള വിടുതി പോലും ഇനിയും എത്തിപ്പിടിക്കാന്‍ രാജ്യത്തിന് കഴിഞ്ഞില്ലെന്ന നഗ്‌ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈയിടെ പുറത്ത്‌വന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്റക്‌സ് വിരല്‍ ചൂണ്ടുന്നത്.

ഗ്ലോബല്‍ ഹംഗര്‍ ഇന്റക്‌സ്

വിശപ്പെന്ന യാഥാര്‍ത്ഥ്യത്തിന്റെ ആഗോള നേര്‍ചിത്രമാണ് ആഗോള വിശപ്പ് സൂചിക. കണക്കുകള്‍ പ്രസിദ്ധീകരിക്കുകവഴി പട്ടിണിയെപറ്റി ലോക ജനതയെ ബോധവത്കരിക്കുകയും അതുവഴി സര്‍ക്കാരുകളെ നയരൂപീകരണത്തിന് പ്രേരിപ്പിക്കുകയും 2030നകം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ഈ റിപ്പോട്ടിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു. 136 രാജ്യങ്ങളെ പറ്റിയാണിവര്‍ പഠിച്ചത്. അതില്‍ മതിയായ വിവരങ്ങള്‍ ലഭ്യമായ 121 രാജ്യങ്ങളെയാണ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയത്. കുട്ടികളിലെ പോഷകാഹരക്കുറവടക്കം നാല് ഘടകങ്ങളാണ് വിശപ്പിന്റെ വ്യാപനത്തെ അളക്കാനുള്ള മാനദണ്ഡമായി സര്‍വേക്ക് സ്വീകരിച്ചിരിക്കുന്നത്. സമൂഹത്തില്‍ കുട്ടികളുടെ നില പരുങ്ങലിലാണെങ്കില്‍ മുതിര്‍ന്നവരുടെ അവസ്ഥ അതിലേറെ കഷ്ടമായിരിക്കുമെന്ന ഗവേഷണ യുക്തിയാണ് ഇങ്ങനെയൊരു സര്‍വേ മെത്തേഡ് സ്വീകരിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അക്കാദമിക രംഗത്തുള്ള പ്രമുഖര്‍ ഈ രീതിശാസ്ത്രത്തെ അംഗീകരിച്ചിട്ടുമുണ്ട് (കേന്ദ്ര സര്‍ക്കാര്‍ ഈ രീതിയെ വിമര്‍ശിക്കുകയാണ് ചെയ്തത്). ആകെ നൂറിലാണ് മാര്‍ക്കിടുന്നത്. അതില്‍ ഒന്‍പതോ അതില്‍ കുറവോ മാര്‍ക്ക് ലഭിക്കുന്ന രാജ്യങ്ങള്‍ വിശപ്പ് നിര്‍മാര്‍ജ്ജനത്തില്‍ മുന്നിലാണെന്ന് അനുമാനിക്കുന്നു. മാര്‍ക്ക് കൂടും തോറും വിശപ്പിന്റെ വ്യാപ്തിയിലുള്ള വര്‍ധനയെയാണ് സൂചിപ്പിക്കുന്നത്. 45.1 മാര്‍ക്ക് ലഭിച്ച പശ്ചിമേഷ്യന്‍ രാജ്യമായ യെമന്‍ ആണ് ഏറ്റവും മോശാവസ്ഥയിലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്ന മാര്‍ക്ക് 29.1 ആണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ അപകടകരമാംവിധം വിശപ്പ് നിലനില്‍ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 101 ാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഈ വര്‍ഷം 107 ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. 121 രാജ്യങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 107 ാമതാണന്ന് ചുരുക്കം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവര്‍ഷം മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടുവരുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യ തങ്ങളുടെ നില വിവിധ ഘടകങ്ങളില്‍ മെച്ചപ്പെടുത്തി വരികയായിരുന്നു. 2014 വരെയുള്ള ഇന്ത്യയുടെ പെര്‍ഫോര്‍മന്‍സ് അത് കാണിക്കുന്നുണ്ട്. 2000ല്‍ 38.8 ആയിരുന്നു ഇന്ത്യക്ക് ലഭിച്ച മാര്‍ക്കെങ്കില്‍ 2014 ആവുമ്പോഴേക്ക് അത് 28 ആയി കുറഞ്ഞിരുന്നു. എന്നാല്‍ 2014ന് ശേഷമുള്ള സ്ഥിതി അങ്ങനെയല്ല. വര്‍ഷാവര്‍ഷം ഇന്ത്യയുടെ നില പരുങ്ങലിലാവുകയാണ്. കുട്ടികളിലെ പോഷകാഹാരക്കുറവില്‍ ഇന്ത്യക്ക് 2014ല്‍ ലഭിച്ചത് 14.8 മാര്‍ക്കാണെങ്കില്‍ 2022 ആവുമ്പോഴേക്ക് അത് 16.3 ആയി ഉയര്‍ന്നു.

ചൈല്‍ഡ് വെയ്സ്റ്റിംഗില്‍ (ഉയരത്തിന് ആനുപാതികമായി ശരീരഭാരമില്ലാത്ത അവസ്ഥ) 2014ല്‍ ഇന്ത്യയുടെ സ്‌കോര്‍ 15.1 ആണെങ്കില്‍ 2022 ആവുമ്പോഴേക്ക് അത് 19.3 ആയി മാറി. അയല്‍ രാജ്യങ്ങളടക്കം നില മെച്ചപ്പെടുത്തിയപ്പോള്‍ നാം പിറകോട്ട് പോയെന്ന് സാരം. ബംഗ്ലാദേശിന്റെ കാര്യമെടുക്കുക. 2000ല്‍ അവര്‍ക്ക് ലഭിച്ച മാര്‍ക്ക് 33.9 ആണെങ്കില്‍ 2022ല്‍ അത് 19.6 ആയി വലിയ മുന്നേറ്റം നടത്തി. സമാനമായ പ്രകടനമാണ് നേപ്പാളും കാഴ്ചവെച്ചിരിക്കുന്നത്. മ്യാന്‍മറിന്റേത് കൂടുതല്‍ മികച്ച മുന്നേറ്റമാണ്. 2000ല്‍ അവര്‍ക്ക് ലഭിച്ച മാര്‍ക്ക് 39 ആയിരുന്നുവെങ്കില്‍ വിശപ്പ് നിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ അവര്‍ 2022 ആകുമ്പോഴേക്ക് (15.6) ഏറെ മുന്നോട്ട് പോയിരിക്കുന്നതായി കാണാം. വിശപ്പില്‍നിന്ന് പൂര്‍ണ മോചനം നേടിയില്ലെങ്കിലും അഫ്ഗാന്‍ ഒഴിച്ചുള്ള (109 ാം സ്ഥാനം) മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളൊക്കെ റാങ്കിംഗില്‍ ഇന്ത്യക്ക് മുകളിലാെണന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പാകിസ്താന്‍ (റാങ്ക് 99), ശ്രീലങ്ക (64), നേപ്പാള്‍ (81), ബംഗ്ലാദേശ് (84) എന്നിങ്ങനെയാണ് നില. എത്യോപ്യ (104), നൈജീരിയ (103) റുവാണ്ട (102) മുതലായ രാജ്യങ്ങളും ഇന്ത്യക്ക് മുകളിലാണ് റാങ്കിംഗില്‍ ഇടംപിടിച്ചിരിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെയും സാങ്കേതിക വിദ്യയുടെയും എന്തിനേറെ ജനാധിപത്യ ഭരണക്രമത്തിന്റെയും കാര്യത്തില്‍ ഈ രാജ്യങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യയെന്ന് മറക്കരുത്.

വിശക്കുന്ന വയറിന് അന്നമൂട്ടാന്‍ കഴിയാത്തവരുടെ ലോകത്ത് ഇന്ത്യ മുന്നിലാണെന്ന ക്രൂരവും ഞെട്ടിക്കുന്നതുമായ യാഥാര്‍ത്ഥ്യമാണ് ഈ റിപ്പോര്‍ട്ട്. വിശ്വഗുരുവായി രാജ്യത്തെ ഉയര്‍ത്തിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങളിലെ പൊള്ളത്തരം കൂടുതല്‍ വെളിച്ചത്തായിരിക്കുന്നു. ഇത് രാജ്യത്തിന് മുന്‍പാകെ ചില പ്രധാന ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ജനതയുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിച്ച് പ്രതിലോമകരമായ അജണ്ടകളെ മുന്നോട്ട് വെക്കുന്ന സംഘ്പരിവാര്‍ ഭരണകൂടം രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍നിന്നും സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെയാണ് തുരങ്കംവെക്കുന്നത്.

പ്രതിവിപ്ലവം പ്രതിലോമ അജണ്ടകള്‍

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ അതേ രാജ്യം വിശപ്പ് സൂചികയില്‍ (പട്ടിണിയെന്നും വായിക്കാം) 107 ാം സ്ഥാനത്താണ്. പൗരന്മാര്‍ മതിയായ ഭക്ഷണം ലഭിക്കാതെ വിശന്നുറങ്ങുന്ന നാട്ടിലാണ് കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ലോകത്തെ ശതകോടീശ്വരന്മാരുടെ ക്ലബിലേക്ക് ഇന്ത്യന്‍ ബിസിനസ്സുകാരനായ അദാനിക്ക് അംഗത്വം ലഭിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഈ വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കാന്‍ എന്തുകൊണ്ടാണ് ഇന്ത്യക്ക് കഴിയാതെ പോവുന്നത്. എന്തുകൊണ്ടാണ് സഹജീവികളുടെ പട്ടിണിമാറ്റാനുള്ള മുറവിളികൂട്ടുന്നതില്‍ രാഷ്ട്രീയ സമൂഹമെന്ന നിലയില്‍ രാജ്യം പരാജയപ്പെട്ടുപോവുന്നത്.

രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹ്യ സ്വാതന്ത്ര്യവും യാഥാര്‍ത്ഥ്യമാവണമെന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഭരണഘടന സാമൂഹ്യവിപ്ലവത്തിനായുള്ള തിരികൊളുത്തുന്നത്. സംവരണവും പ്രത്യേകവകാശങ്ങളും സാമ്യൂഹ്യനീതിക്കായുള്ള പദ്ധതികളും ദാരിദ്ര്യനിര്‍മാര്‍ജ്ജന യജ്ഞങ്ങളുമൊക്കെ ക്ഷേമ രാഷ്ട്രമെന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു. കുറ്റങ്ങളും കുറവുകളുമുെണ്ടങ്കിലും കമ്യൂണിസ്റ്റ് സമൂഹങ്ങളെ പോലും വെല്ലുന്ന തരത്തിലുള്ള വിപുലമായ പൊതുവിതരണ സംവിധാനങ്ങളും സ്വതന്ത്ര്യാനന്തര ഭാരതത്തില്‍ സംവിധാനിക്കപ്പെട്ടു. നാല്‍പ്പതുകളില്‍ ബംഗാള്‍ ക്ഷാമ കാലത്ത് ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കുമ്പോള്‍ യാതൊരു ദയയും കാണിക്കാതിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കോളനി ഭരണമല്ല സ്വതന്ത്ര്യ ഇന്ത്യയിലേതെന്ന് പ്രഖ്യാപിക്കപ്പെട്ടു. ഖരീബീ ഹഠാഓ എന്ന ഇന്ദിരയുടെ ദാരിദ്ര്യത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമുണ്ടായി. തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ നിയമവും പാസ്സാക്കപ്പെട്ടു. രാജ്യം ഏറെ മുന്നോട്ട് പോയി.

എന്നാല്‍ ഇന്ന് അന്താരാഷ്ട്ര ഏജന്‍സികളടക്കം പുറത്ത്‌വിടുന്ന കണക്കുകള്‍ (ആഗോള വിശപ്പ് സൂചിക ഉള്‍പ്പടെ) ഇന്ത്യ ഒരു ക്ഷേമരാഷ്ട്രമെന്ന തലത്തില്‍നിന്ന് ക്ഷാമം നിലനില്‍ക്കുന്ന രാജ്യമായി മാറുന്നു എന്ന അപകടകരമായ സ്ഥിതിയെ കാണിക്കുന്നുണ്ട്. പൗരന്മാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അജണ്ടകള്‍ക്ക്പകരം പ്രതിലോമ അജണ്ടകളെ സജീവമാക്കി നിര്‍ത്താന്‍ ഭരണകക്ഷി കാണിക്കുന്ന അത്യുത്സാഹമാണ് ഇതിന് കാരണം. പൗരത്വ ഭേദഗതി നിയമവും ആയോധ്യയും ഇപ്പോള്‍ ഏകസവില്‍കോഡുമെല്ലാം മുഖ്യഅജണ്ടയാവുമ്പോള്‍ ജനങ്ങളുടെ ദൈന്യംദിന ജീവിത വിഷയങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ഇത് വലതുപക്ഷ പോപ്പുലിസ്റ്റ് ഭരണരീതിയുടെ പൊള്ളത്തരമാണ് വെളിവാക്കുന്നത്. എന്നാല്‍ ഇത് തിരിച്ചറിയേണ്ട പ്രതിപക്ഷ കക്ഷികളില്‍ ആംആദ്മി പാര്‍ട്ടിയെ പോലുള്ളവര്‍ സംഘ്പരിവാറിന്റെ പ്രതിലോമ അജണ്ടകളെ ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കറന്‍സിയില്‍ ദൈവത്തിന്റെ ചിത്രംവെച്ചാല്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് കെജ്രിവാളിന് തോന്നുന്നത് അപ്പോഴാണ്. ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ബി.ജെ.പിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് തോന്നുന്നതും അതുകൊണ്ടാണ്. രാജ്യമെന്നാല്‍ ജനങ്ങളാണെന്നും ജനക്ഷേമം ഉറപ്പാക്കലാണ് രാജ്യധര്‍മമെന്നും ഭരണകൂടത്തെ ഓര്‍മിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. അല്ലാതെ ഭരണകൂടത്തിന്റെ പ്രതിലോമ അജണ്ടകളെ ഏറ്റെടുക്കലല്ല. സാമൂഹ്യവിപ്ലവത്തിന് തിരികൊളുത്തിയ ഭരണഘടനയുടെ ആശയ സത്തയെ ഉള്‍ക്കൊള്ളാതെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന പ്രതിവിപ്ലവത്തിന് നേതൃത്വം നല്‍കുന്നവര്‍ ഭരണകൂടമായാലും അതിന് ചൂട്ട പിടിക്കുന്നത് പ്രതിപക്ഷമായാലും രാജ്യത്തോടും ജനങ്ങളോടും വലിയ ദ്രോഹമാണവര്‍ ചെയ്യുന്നത്.

Test User: