ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്ധന വില 16 ശതമാനം വര്‍ധിപ്പിച്ച് പൊതുമേഖല എണ്ണക്കമ്പനികള്‍. കിലോ ലിറ്ററിന് 19,757.13 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ കിലോ ലിറ്റര്‍ വ്യോമയാന ഇന്ധന വില 1,41,232.87 രൂപയായി. (ലിറ്ററിന് 141.2 രൂപ) ഈമാസം ആദ്യം വ്യോമയാന ഇന്ധനത്തിന്‍മേല്‍ 1.3 ശതമാനം കുറവ് വരുത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ് വ്യോമയാന ഇന്ധന വില കുത്തനെ വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 119.6 ഡോളറിലെത്തിയിട്ടുണ്ട്. വ്യോമയാന ഇന്ധന വില വര്‍ധനവ് വിമാന യാത്രാ നിരക്ക് വര്‍ധിക്കാന്‍ കാരണമാകും. ആഭ്യന്തര, രാജ്യാന്തര യാത്രാ നിരക്കുകള്‍ ഇതിനനുസൃതമായി വര്‍ധിച്ചേക്കും. 10-15 ശതമാനം നിരക്കു വര്‍ധനവിനായി വിമാനക്കമ്പനികള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഈ വിലയില്‍ കമ്പനിക്ക് മുന്നോട്ടു പോകാനാവില്ല. ടിക്കറ്റ് നിരക്കില്‍ കുറഞ്ഞത് 10- 15 ശതമാനം വര്‍ധനം ആവശ്യമാണ്’- സ്‌പൈസ് ജെറ്റ് സിഎംഡി അജയ് സിങ് പറഞ്ഞു. വാറ്റും എക്‌സൈസ് നികുതിയും ഉള്‍പ്പെടുന്നതിനാല്‍ എടിഎഫിന് ഇന്ത്യയില്‍ വില കൂടുതലാണെന്നും കമ്പനികള്‍ പറയുന്നു.