ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് നയരൂപീകരണ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ്(സി.ബി.ഡി.ടി). പുതിയ പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും സി.ബി.ഡി.ടി വ്യക്തമാക്കി. സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സി.ബി.ഡി.ടി രംഗത്തെത്തിയത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്ക് ഭാഗിക സ്റ്റേ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു സുപ്രീംകോടതി വിധി. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്കും എന്റോള്‍ ചെയ്യാത്തവര്‍ക്കും ആധാര്‍ നമ്പര്‍ ഇല്ലാതെ തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാമെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഒരു പടികൂടി കടന്ന്, ആധാര്‍ എന്റോള്‍മെന്റിന് യോഗ്യതയുള്ള എല്ലാവരും ജൂലൈ ഒന്നു മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്നാണ് സി.ബി.ഡി.ടി ഉത്തരവിട്ടിരിക്കുന്നത്. ജൂലൈ ഒന്ന് മുതല്‍ പുതിയ പാന്‍ നിലവില്‍ വരും. ഈ സാഹചര്യത്തില്‍ എല്ലാ പാന്‍കാര്‍ഡ് ഉടമകളും ആധാര്‍ നമ്പര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി അധികാരികള്‍ക്ക് സമര്‍പ്പിക്കണം. ആധാര്‍ നല്‍കാത്തവരുടെ പാന്‍ അസാധുവാക്കും. ഇതോടെ ഇവര്‍ക്ക് സാധാരണ നിലയിലുള്ള ബാങ്കിങ് ഇടപാടുകള്‍ക്ക് പ്രയാസം നേരിടും. സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി ഉന്നതാധികാര സമിതി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതെന്നും സി.ബി.ഡി.ടി ഉത്തരവില്‍ പറയുന്നു.