X

കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെ; നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

കൊച്ചി: കാലാവസ്ഥാ വ്യതിയാനം മുതല്‍ നിര്‍മാണ സാമഗ്രികളുടെ ക്ഷാമം വരെയുള്ള പ്രതിസന്ധികളില്‍ പെട്ട് കേരളത്തിലെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. നിര്‍മാണ സാമഗ്രികളുടെ ക്ഷാമത്തിന് പുറമെ ക്വാറി, ടിപ്പര്‍ മേഖലയിലെ സമരം കൂടിയായതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചേക്കും. 16,000 കോടി രൂപയുടെ ബില്ലുകളാണ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. കിഫ്ബിയാണ് ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ്, പി ഡബ്ലിയൂഡി, ഇറിഗേഷന്‍ വകുപ്പുകളിലും ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ മൂന്ന് വര്‍ഷമായിട്ടും മാറി നല്‍കിയിട്ടില്ല. കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാത്തതും അനാവശ്യ നിയന്ത്രണങ്ങളും കേരളത്തിലെ നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ള സെക്യൂരിറ്റി തുകയും ഫീസും മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തത് മൂലമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് അന്യ സംസ്ഥാനത്ത് നിന്ന് നിര്‍മാണസാമഗ്രികള്‍ കൊണ്ടുവരുന്നത് അമിതഭാരമെന്ന് ആരോപിച്ച് തടയുന്നത്. മെറ്റല്‍, മണല്‍ എന്നിവയുടെ ലഭ്യത കുറവ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ക്വാറി, ക്രഷര്‍ ക്ഷാമം പരിഹരിക്കാന്‍ ഓരോ ജില്ലകളിലും മുന്‍കൈയെടുത്ത് പി പി പി മോഡലില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. എസ്റ്റിമേറ്റ് തയാറാക്കാത്തതും, ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസവുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് പ്രധാന കാരണം.

തെലങ്കാനയിലെ പോലെ സുതാര്യമായ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുപ്പ് കൃത്യമായി പൂര്‍ത്തിയാക്കാറില്ല. ഇത് കാരണം ഒരു പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി എസ് ടിയിലെ ആശയക്കുഴപ്പം കാരണം കിട്ടാത്ത ബില്ലിന് ടാക്‌സ് അടയ്‌ക്കേണ്ട ഗതികേടിലാണ് പലരും. സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ തന്നെ നികുതി അടയ്ക്കണ്ട ഗതികേടിലാണ് കരാറുകാര്‍. സിമെന്റിനു ചുമത്തിയിട്ടുള്ള 28 ശതമാനം ജിഎസ്ടി കുറയ്ക്കണം.ആഡംബര വസ്തുക്കള്‍ക്ക് ചുമത്തുന്ന നികുതി സിമെന്റിനും ബാധകമാക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നോക്കുകൂലി സംസ്‌കാരം മാറാതെ കേരളത്തില്‍ നിര്‍മാണ മേഖല വികസിക്കില്ല.

നോക്കുകൂലി ഇല്ലാതാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കയറ്റിറക്കു മേഖലക്കു പുറമേ ചില നിര്‍മാണ സ്ഥലങ്ങളിലും റെഡി മിക്‌സ് കോണ്‍ക്രീറ്റിനും മറ്റം നോക്കുകൂലി ചോദിക്കുന്ന പ്രവണത നിലനില്‍ക്കുന്നു. ഈ ദുഷ്പ്രവണത ഇല്ലാതാക്കാതെ നിര്‍മാണ മേഖല ഉള്‍പടെ കേരളത്തിന്റെ പൊതുവായ വികസനം അസാധ്യമാണെന്ന് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ നജീബ് മണ്ണേല്‍, എം.വി ആന്റണി, ബി. ചന്ദ്രമോഹന്‍, ജോളി വര്‍ഗീസ്, പ്രിന്‍സ് ജോസഫ്, സുനില്‍കുമാര്‍, ജോര്‍ജ് മാത്യു പാലാല്‍, മനോജ് മാത്യു, ജിബു പി മാത്യു, എന്നിവര്‍ പറഞ്ഞു.

webdesk11: