ന്യൂയോര്‍ക്ക്: സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് മുസൂന്‍ അല്‍മെല്ലഹാന്‍ എന്ന പെണ്‍കുട്ടി പ്രാണരക്ഷാര്‍ത്ഥം പുറത്തുകടക്കുമ്പോള്‍ സ്‌കൂള്‍ പാഠപാസ്തകങ്ങള്‍ മാത്രമാണ് കൈവശമുണ്ടായിരുന്നത്. ജീവിതം വെട്ടിപ്പിടിക്കുന്നതിനുള്ള ആയുധമാണ് അവയെന്ന് ബോധ്യമുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുള്‍വീണ വഴികളില്‍ അവള്‍ അതുമായി പൊരുതി. ഓരോഘട്ടത്തിലും പ്രതീക്ഷയുടെ വെളിച്ചം തുറന്നുകിട്ടി. ഒടുവില്‍ ആറുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി മുസൂന്‍ എന്ന പത്തൊമ്പതുകാരിയെ തേടിയെത്തിയിരിക്കുന്നു.
യൂനിസെഫിന്റെ ഗുഡ്‌വില്‍ അബാസിഡറാകുന്ന ആദ്യ അഭയാര്‍ത്ഥിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുസൂന്‍. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സിറിയക്കാരിയെ ഗുഡ്‌വില്‍ അംബാസഡര്‍ പദവിയിലെത്തിച്ചത്. മുസൂനിന്റെ ധീരതയും മനക്കരുത്തും നമുക്കെല്ലാവര്‍ക്കും പ്രചോദനമാണെന്ന് യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫോര്‍സിത്ത് പറഞ്ഞു.
1999 ഏപ്രില്‍ എട്ടിന് സിറിയയിലെ ദറഅ നഗരത്തിലായിരുന്നു ജനനം. സിറിയ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നതോടെ 2013ല്‍ കുടുംബത്തോടൊപ്പം പലായനം ചെയ്തു. ജോര്‍ദാനിലെ സാതാരി അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ എത്തിയത്. മൂന്നു വര്‍ഷത്തോളം അവിടെ കഴിഞ്ഞു. തുടര്‍ന്ന് ബ്രിട്ടനിലേക്ക് കുടിയേറി. അതോടെ മുസൂനിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പുത്തന്‍ ഉണര്‍വ് കൈവരിച്ചു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് നരകിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
‘അഭയാര്‍ത്ഥിയെന്ന നിലയില്‍ കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ശൈശവ വിവാഹം മുതല്‍ ബാലവേലക്കു വരെ അവര്‍ നിര്‍ബന്ധിതരാകുന്നു. വിദ്യാഭ്യാസം നഷ്ടപ്പെടുമ്പോള്‍ അവരുടെ ഭാവി സാധ്യതകളാണ് കളഞ്ഞുപോകുന്നത്. അത്തരത്തിലുള്ള കുട്ടികള്‍ക്ക് ശബ്ദം നല്‍കാന്‍ യൂനിസെഫിനോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’-മുസൂന്‍ പറഞ്ഞു. ഈയ്യിടെ ബോകോഹറം തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത കുട്ടികളെ കാണുന്നതിന് മുസൂന്‍ യൂനിസെഫിനോടൊപ്പം ഛാഡിലേക്ക് പോയിരുന്നു.
സമാധാന നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ്‌സായിയുടെ ഉറ്റസുഹൃത്തുകൂടിയാണ് മുസൂന്‍.
- 7 years ago
chandrika
Categories:
Video Stories