X

‘ആനയെ കണ്ട് പേടിച്ച് വഴി തെറ്റി, രാത്രി മുഴുവനും പാറക്കെട്ടിന് മുകളില്‍ കഴിഞ്ഞു’; വനത്തിലകപ്പെട്ട സ്ത്രീകളെ തിരികെയെത്തിച്ചു

എറണാകുളത്ത് കുട്ടമ്പുഴയില്‍ വനമേഖലയില്‍ കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു. അറക്കമുത്തിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ആനയെ കണ്ട് പേടിച്ച് വഴിതെറ്റിയതോടെ വനത്തില്‍ കുടുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ പറഞ്ഞു. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. കാണാതായ പശുവിനെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകള്‍ 14 മണിക്കൂറോളം കാട്ടില്‍ കുടുങ്ങുകയായിരുന്നു.

തങ്ങള്‍ സ്ഥിരം പോകുന്ന വഴിയാണെന്നും ആനയെ കണ്ട് മാറിനടന്നപ്പോള്‍ വഴി തെറ്റിയതാണെന്നും സ്ത്രീകള്‍ പറഞ്ഞു. രാത്രി മുഴുവന്‍ പാറക്കെട്ടിന് മുകളിലാണ് കഴിഞ്ഞതെന്നും ആന അടുത്ത് വന്നപ്പോള്‍ മരത്തിന്റെ മറവില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

തൊട്ടടുത്തിരിക്കുന്ന ആളെപ്പോലും കാണാന്‍ സാധിക്കാത്ത ഇരുട്ടായിരുന്നെന്നും പേടിയുണ്ടായിരുന്നെന്നും സ്ത്രീകള്‍ പറഞ്ഞു.

ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞാണ് മൂന്ന് സ്ത്രീകളും ഇന്നലെ ഉച്ചയോടെ വനത്തിലേക്ക് പോയത്. മാളേക്കുടി മായാ ജയന്‍, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ കാണാതായത്. വനപാലകരും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂവര്‍ക്കും വേണ്ടി ഇന്നലെ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു.

 

webdesk17: