X

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ഡല്‍ഹി വനിതാ ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരായക്കിയെന്ന പരാതിയില്‍ ഡല്‍ഹിയിലെ വനിതാശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ പോക്‌സോ കേസ്. സുഹൃത്തിന്റെ 14 വയസ്സുള്ള മകളെയാണ് പീഡിപ്പിച്ചത്. ഐപിസി, പോക്‌സോ വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനെതരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഉദ്യോഗസ്ഥന്‍. 2020 കുട്ടിയുടെ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2020 നും 2021 നും ഇടയില്‍ നിരവധി തവണ പെണ്‍കുട്ടിയെ ഉദ്യോഗസ്ഥന്‍ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ ഭാര്യയോട് വിവരം പറഞ്ഞു. മകനെ കൊണ്ട് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ വാങ്ങിയത് ഭാര്യയാണെന്നും വീട്ടില്‍ വെച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞിട്ടും സ്ത്രീ ഭര്‍ത്താവിന് കൂട്ടുനില്‍ക്കുകയും വിവരം പുറത്തറിയിക്കാതിരിക്കുകയും ചെയ്തതിന് സെക്ഷന്‍ 120ബി ആണ് ഭാര്യയ്‌ക്കെതിരെ ചുമത്തിയത്. പെണ്‍കുട്ടി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനു ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.

webdesk13: