X

സുഹൃത്തിനെ വെട്ടിക്കൊന്ന് 200കഷ്ണങ്ങളാക്കി: പ്രതി പിടിയില്‍

മുംബൈ: ഉറ്റസുഹൃത്തിനെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ക്ലോസറ്റില്‍ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് കേഹ്ലാത്തിന്റെ തിരോധാനത്തിന് പിന്നിലെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്തായ പ്രതി പിടിയിലായത്. ഗണേഷിന്റെ സുഹൃത്തായ പിന്റു കിസാന്‍ ശര്‍മ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗണേഷ് സുഹൃത്തായ പിന്റുവില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 40,000രൂപ മാത്രമാണ് ഗണേഷ് പിന്റുവിന് തിരികെ നല്‍കിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പല തവണ ഗണേഷിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഇരുവരും ജനുവരി 15ന് പിന്റുവിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു.

വൈകി വിവാഹം കഴിക്കാന്‍ തീരുമാനിച്ച പിന്റുവിനെ പരിഹസിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ പിന്റു ഗണേഷിനെ പിടിച്ച് തള്ളുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ ഗണേഷ് തല്ക്ഷണം മരിക്കുകയും ചെയ്തു. പിന്നീട് ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം ഹാക്‌സോ ബ്ലേഡ് കൊണ്ട് 200ഓളം ചെറു കഷണങ്ങളാക്കി ഫ്‌ലാറ്റിലെ ക്ലോസറ്റിലൂടെ ഒഴുക്കി കളയുകയായിരുന്നു. മുറിച്ച് മാറ്റാന്‍ കഴിയാത്ത വലിയ ശരീര ഭാഗങ്ങള്‍ ഇയാള്‍ സഞ്ചിയിലാക്കി ട്രെയിനിലൂടെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. എന്നാല്‍ ക്ലോസറ്റിലൂടെ ഒഴുക്കിയ ചെറിയ ശരീരാവശിഷ്ടങ്ങള്‍ ഓടയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ഡ്രെയിന്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ഓട വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയായ പിന്റു ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

chandrika: