X
    Categories: Video Stories

വിശ്വാസിയുടെ സൗന്ദര്യ വീക്ഷണം

പി. മുഹമ്മദ് കുട്ടശ്ശേരി

ദൈവം സൗന്ദര്യത്തിന്റെ സമ്പൂര്‍ണതയാണ്. ദൈവിക സൗന്ദര്യത്തിന്റെ ബഹിസ്ഫുരണമാണ് ഈ പ്രപഞ്ചത്തിലുടനീളം ദൃശ്യമാകുന്നത്. എത്ര മനോഹരമാണ് ഈ ഭൂമി. തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതങ്ങള്‍. ചെടികളും പൂക്കളും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞുനില്‍ക്കുന്ന കാനനങ്ങള്‍. പഴക്കുലകള്‍ ആടിക്കളിക്കുന്ന തോട്ടങ്ങള്‍- ആരവംമുഴക്കിയൊഴുകുന്ന ആറുകള്‍, തോടുകള്‍, ജലാശയങ്ങള്‍, അരുവികള്‍, ചിരിച്ചാര്‍ക്കുന്ന തിരമാലകള്‍ നിറഞ്ഞ സമുദ്രങ്ങള്‍ ഈ ഭൂമിയിലെ വര്‍ണവൈവിധ്യങ്ങള്‍ എത്ര മനോഹരമാണ്. ഈ പ്രകൃതിയില്‍ ഒരേനിറം മാത്രമായിരുന്നുവെങ്കില്‍ ഇന്നീക്കാണുന്ന കൗതുകം മനുഷ്യന് ആസ്വദിക്കാന്‍ കഴിയുമായിരുന്നുവോ? ഇവിടുത്തെ വസ്തുക്കളോരോന്നും മനുഷ്യന്റെ മുമ്പില്‍ അവതരിപ്പിച്ച് അതില്‍ സ്രഷ്ടാവ് ഒളിപ്പിച്ചുവെച്ച അത്ഭുത രഹസ്യം അന്വേഷിച്ച് കണ്ടെത്തിയും അതിലെ കലാസൗന്ദര്യം ആസ്വദിച്ച് ദൈവത്തിന്റെ സൃഷ്ടി വൈഭവം മനസ്സിലാക്കിയും ദൈവത്തെ അറിയാന്‍ ആഹ്വാനം ചെയ്യുകയാണ് ഖുര്‍ആന്‍. ചില മാതൃകാ വചനങ്ങള്‍: നിങ്ങള്‍ക്ക് മാനത്തുനിന്ന് ദൈവം മഴവെള്ളം ഇറക്കിത്തന്നു. അത് മുഖേന മോടിയുള്ള തോട്ടങ്ങള്‍ വളര്‍ത്തി. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നുവോ? മഴ പെയ്യിച്ചു എല്ലാ വസ്തുക്കളുടെയും മുളകള്‍ അവന്‍ പുറത്തുകൊണ്ടുവന്നു. പിന്നെ പച്ചപിടിച്ച ചെടികള്‍ ഉത്പാദിപ്പിച്ചു. അതില്‍നിന്ന് ധാന്യങ്ങള്‍ നിറയെയുള്ള കതിരുകള്‍ പുറത്ത് വരുത്തി. ഈത്തപ്പനക്കുലകള്‍ സൃഷ്ടിച്ചു. അതുപോലെ മുന്തിരിത്തോട്ടങ്ങളും ഒലീവും മാതളവും ഉത്പാദിപ്പിച്ചു. നോക്കൂ, അവ കായ്ക്കുന്നതും പാകമാകുന്നതും. ഭൂമിയുടെ ആണി കണക്കെ പര്‍വതങ്ങള്‍ സ്ഥാപിച്ചു.
ചെടികള്‍ പോലത്തന്നെ കൗതുകം നിറഞ്ഞവയാണ് ഭൂമിയിലെ മൃഗങ്ങളും പക്ഷികളും പ്രാണികളും മറ്റു ജീവികളുമെല്ലാം. വളര്‍ത്തുമൃഗങ്ങള്‍ പോകുമ്പോഴും വരുമ്പോഴും അവയില്‍ ദൃശ്യമാകുന്ന സൗന്ദര്യത്തിലേക്ക് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്നു. കാട്ടില്‍ മനുഷ്യന്റെ കണ്ണുകളില്‍ ആനന്ദം വര്‍ഷിക്കുന്ന എന്തെല്ലാം ജീവികളുണ്ട്. പുള്ളിമാന്‍ എന്നും കവികളുടെ വിഭവമാണ്. ആനകളുടെ ഗാംഭീര്യവും മുയലുകളുടെ ശാലീനതയും കുറുക്കന്റെ കൗശലവും സിംഹത്തിന്റെയും പുലിയുടെയും രൂപഭംഗിയും ക്രൗര്യഭാവവുമെല്ലാം കണ്ണുകളെ മയക്കുന്നതാണ്. പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍, ഒട്ടകപ്പക്ഷികള്‍, മധുരനാദം പൊഴിക്കുന്ന കുയിലുകള്‍, പഞ്ചവര്‍ണക്കിളികള്‍, മനുഷ്യശബ്ദം അനുകരിക്കുന്ന തത്തകള്‍ തുടങ്ങി എത്രയെത്ര സുന്ദര പക്ഷികളുണ്ട് ഇവിടെ. പൂമ്പാറ്റയിലും വണ്ടിലും തുമ്പിയിലും തേനീച്ചയിലും ദൈവിക സൗന്ദര്യത്തെയാണ് വിശ്വാസി ദര്‍ശിക്കുന്നത്. ആകാശത്തെ കണ്ണിനെയും മനസ്സിനെയും മയക്കുന്ന കാഴ്ചകളിലേക്കും ദൈവം മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ‘മുകള്‍ ഭാഗത്തെ ആകാശത്തേക്ക് നോക്കൂ, നാം അതിനെ എങ്ങനെ പടുത്തുയര്‍ത്തുകയും നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. നക്ഷത്രങ്ങളെ ഖുര്‍ആന്‍ തൂക്കിയിട്ട വിളക്കുകളോട് സാദൃശ്യപ്പെടുത്തി. ഭൂമിയില്‍ നിക്ഷേപിച്ച സ്വര്‍ണം, വെള്ളി തുടങ്ങിയവ പണ്ടുകാലം മുതല്‍ക്കേ മനുഷ്യന്‍ ആഭരണമായി ഉപയോഗിക്കുന്നു. മുത്ത്, പവിഴം, മാണിക്യം തുടങ്ങിയ രത്‌നങ്ങളെപ്പറ്റിയും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. സമുദ്രത്തില്‍ മത്സ്യങ്ങളടക്കം എന്തെല്ലാം ജീവികളെ ദൈവം നിക്ഷേപിച്ചിരിക്കുന്നു. ചിലത് കപ്പലുകളെപ്പോലും മറിച്ചിടാന്‍ ശേഷിയുള്ളവയും മനുഷ്യനെ ആക്രമിക്കുന്നവയുമാണ്.
എന്നാല്‍ ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരനായ ജീവി മനുഷ്യനാണ്. മനുഷ്യനെ നാം ഏറ്റവും നല്ല രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. അവന്റെ ശരീരാവയവങ്ങളുടെ ഘടനയും ചേര്‍ച്ചയും എത്ര ആകര്‍ഷകമാണ്. പുരുഷ സൗന്ദര്യം എന്നും സ്ത്രീകളുടെ ഭ്രമമാണ്. സൗന്ദര്യത്തിന്റെ പൂര്‍ണ വിരാമമായിരുന്ന യൂസുഫില്‍ അനുരക്തയായ സുലൈഖയുടെ കഥ ഖുര്‍ആനിലുണ്ട്. എന്നാല്‍ സ്ത്രീ സൗന്ദര്യം പണ്ടുകാലം മുതല്‍ തന്നെ കവികളുടെയും കലാകാരന്മാരുടെയും ഇഷ്ട വിഭവമാണ്. സ്വര്‍ഗീയ വനിതകളുടെ കൊഴുത്ത മാറിടം, വിരിഞ്ഞ കണ്ണുകള്‍ തുടങ്ങിയവയിലെ രൂപലാവണ്യത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ഖുര്‍ആനിലുണ്ട്. എന്നാല്‍ മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യ സൗന്ദര്യത്തിന് ഒരു മറുവശം കൂടിയുണ്ട്. മനുഷ്യന്റെ പേര് പോലും സുന്ദരമായിരിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഒരു സ്ത്രീയുടെ പേര് മാറ്റി അദ്ദേഹം അവള്‍ക്ക് ‘ജമീല’ (സുന്ദരി) എന്ന് പേരിട്ടു. തന്റെ പൗത്രന്‍ ഹസന് നേരത്തെയുണ്ടായിരുന്ന പേര് ‘ഹര്‍ബ്’ (യുദ്ധം) എന്നായിരുന്നു. നബി അത് ഹസന്‍ (ഉത്തമന്‍) എന്നാക്കി മാറ്റി. പിന്നെ രണ്ടാമത്തെ പൗത്രന്റെ പേര് ‘ഹുസൈന്‍’ (കൊച്ചുഹസന്‍) എന്നാക്കി. ഒരു വിശ്വാസി പുറംമോടിയില്‍ ശ്രദ്ധിക്കുന്നവനായിരിക്കണം. സ്ത്രീകള്‍ക്ക് കണ്ണിന് സുറുമയിടലും കൈയില്‍ മൈലാഞ്ചിയിടലും അഭികാമ്യമായി പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. പുരുഷന്മാരോട് കണ്ണാടി നോക്കി മുടിയും താടിയും ഒതുക്കാന്‍ നബി കല്‍പിച്ചു. പുറത്ത് സന്ദര്‍ശകരെ കാണാന്‍ നബി പുറപ്പെട്ടപ്പോള്‍ അദ്ദേഹം മുടിയും താടിയും ഒതുക്കുന്നത് കണ്ട് പത്‌നി ആയിശ ചോദിച്ചു: ‘ഹോ, നിങ്ങളും ഇത് ചെയ്യുകയോ?’ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: സഹോദരന്മാരുടെ മുമ്പിലേക്ക് പ്രത്യക്ഷപ്പെടുമ്പോള്‍ സ്വന്തത്തെ തയ്യാറാക്കണം. കാരണം അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. ദൂതന്മാരെ അയക്കുമ്പോള്‍ സുന്ദര മുഖമുള്ളവരെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാരണം മുഖദര്‍ശനം വ്യക്തിയുടെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തും.
എന്നാല്‍ വിശ്വാസികള്‍ ബാഹ്യസൗന്ദര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. എല്ലാറ്റിലും ഉപരി ആന്തരിക സൗന്ദര്യത്തില്‍ ദത്തശ്രദ്ധനായിരിക്കണം. ഉള്ള് എപ്പോഴും സംശുദ്ധവും പ്രകാശപൂരിതവുമായിരിക്കണം. കറകളഞ്ഞ വിശ്വാസവും ഭക്തിയും മനസ്സില്‍ നിറയണം. അപ്പോള്‍ സ്‌നേഹം, സാഹോദര്യബോധം, വിശാല മനസ്‌കത, സഹകരണ ചിന്ത തുടങ്ങിയ ഗുണങ്ങള്‍ വ്യക്തിയില്‍ പ്രകടമാകും. നല്ല സ്വഭാവവും പെരുമാറ്റവും അവന്റെ ആന്തരിക സൗന്ദര്യത്തിന്റെ ബഹിര്‍സ്ഫുരണമാണ്. സദാ പ്രസന്നഭാവം പുലര്‍ത്തുന്ന, പുഞ്ചിരി തൂകുന്ന, മധുരമായി സംസാരിക്കുന്ന, ആളുകളെ അകറ്റി നിര്‍ത്താതെ അടുപ്പിക്കുന്ന സമീപന രീതി എത്ര സുന്ദരമാണ്. നബിയുടെ മുഖം വാള്‍ പോലെയാണോ എന്ന് ബര്‍റാഉബ്‌നു ആസിബിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘അല്ല, ചന്ദ്രനെ പോലെയായിരുന്നു നബിയുടെ മുഖം’. പ്രവാചകന്‍ നല്ല സ്വഭാവത്തിന് മാതൃകയാണ്. അഞ്ച് നേരത്തെ പ്രാര്‍ത്ഥനയുടെ രൂപം കൃത്യമായി പാലിക്കുന്നതില്‍ നിര്‍ബന്ധം കാണിക്കുകയും; ജീവിതത്തില്‍ മറ്റുള്ളവരോട് പെരുമാറുന്നതിലും വീട്ടില്‍ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹമസൃണമായ സമീപനരീതി സ്വീകരിക്കുന്നതിലും സാമ്പത്തിക കാര്യങ്ങളില്‍ ധാര്‍മികത പുലര്‍ത്തുന്നതിലും വീഴ്ച വരുത്തുകയും ചെയ്യുമ്പോള്‍ എങ്ങനെ പ്രവാചകന്റെ മാര്‍ഗം സ്വീകരിക്കുന്നവരായി അവകാശപ്പെടും. നബി ജനങ്ങള്‍ക്ക് ഇത്രയും പ്രിയങ്കരനായി മാറിയത് അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവുംകൊണ്ട് മാത്രമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ വേഷവും മുഖഭാവവും പെരുമാറ്റവും സമീപന രീതിയും സംസാരവും എല്ലാം തന്നെ ആകര്‍ഷകവും സുന്ദരവുമായിരിക്കണം. സൗന്ദര്യത്തിന്റെ സുപ്രധാന ഘടകം വൃത്തിയാണ്. വിശ്വാസിയുടെ സംസ്‌കാരമാണ് വൃത്തി. മുസ്‌ലിം ഭരണം നിലനിന്നിരുന്ന കാലത്ത് സ്‌പെയിന്‍ വൃത്തിക്ക് മികച്ച മാതൃകയായിരുന്നു. തെരുവുകളെല്ലാം സൗന്ദര്യവത്കരിച്ചിരുന്നു. വിശ്വാസികള്‍ വീടും പരിസരവും വഴികളുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അഞ്ച് നേരവും അംഗശുദ്ധി വരുത്തി ഒറ്റക്കും പള്ളിയില്‍ എത്തി സംഘമായും പ്രാര്‍ത്ഥന നടത്തുന്നവര്‍ വൃത്തിയില്‍ എത്രമാത്രം ശ്രദ്ധാലുക്കളാകും. വീട്ടില്‍ കയറിയാല്‍ പ്രവാചകന്‍ ആദ്യമായി ചെയ്യുന്ന കൃത്യം ബ്രഷ് ചെയ്ത് പല്ലും വായും വൃത്തിയാക്കലായിരുന്നു. ആന്തരികമായും ബാഹ്യമായും രണ്ടു രംഗങ്ങളിലും സംശുദ്ധതയും ആകര്‍ഷണീയതയും പുലര്‍ത്തുന്ന വിശ്വാസി എത്ര സുന്ദരനായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: