‘ഹുദാ’ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം ആശ്ലേഷിച്ച അമേരിക്കന്‍ യുവതി അവരെ മതം മാറ്റത്തിന് പ്രേരിപ്പിച്ച ഘടകം വ്യക്തമാക്കി ഇങ്ങനെ പ്രസ്താവിച്ചു: ‘സ്‌നേഹവും ഒരുമയും വാഴുന്ന ഒരു കുടുംബം വാര്‍ത്തെടുക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിന്റെ വ്യക്തമായ താല്‍പര്യവും അതിലെ ഭാര്യാ-ഭര്‍തൃബന്ധവും എന്നെ അത്യധികം ആകര്‍ഷിച്ചു’. പാശ്ചാത്യ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന വേദന വ്യക്തമാക്കി ഹുദാ എഴുതുന്നു: ‘പാശ്ചാത്യരുടെ ഭൗതിക ചിന്തയും വരണ്ട പെരുമാറ്റവുംകൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടിയിരുന്നു- ഒരേ കുടുംബത്തിലുള്ളവര്‍പോലും പരസ്പര താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ബന്ധം’. ‘ലൈമാ’ എന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിലേക്ക് വന്ന മറ്റൊരു അമേരിക്കന്‍ വനിത അവരുടെ മതം മാറ്റത്തിന്റെ കാരണം ഇങ്ങനെ വ്യക്തമാക്കി: ‘തന്നെ സംരക്ഷിക്കാനും തന്റെ നേരെ സഹായഹസ്തം നീട്ടാനും തയ്യാറുള്ള ഒരു വ്യക്തി സമീപത്തുണ്ടാകുന്നത് എത്രമാത്രം മനസ്സിന് സമാധാനം നല്‍കുന്നു. ഇസ്‌ലാമിക സമൂഹത്തില്‍ വളരെ അപൂര്‍വമായി മാത്രമേ സ്ത്രീക്ക് അന്യഥാ ബോധമുണ്ടാവുകയുള്ളൂ’.
ഇസ്‌ലാമില്‍ കുടുംബം വളരെ സുന്ദരവും സുദൃഢവുമായ ആത്മബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. വിവാഹമാണല്ലോ കുടുംബത്തിന്റെ അടിത്തറ. അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പ് അല്ല. ഭാര്യയെയും ഭര്‍ത്താവിനെയും തെരഞ്ഞെടുക്കുന്നതില്‍ അതീവ സൂക്ഷ്മത വേണമെന്ന് മതം നിഷ്‌കര്‍ഷിക്കുന്നു. പരിഗണിക്കേണ്ട യോഗ്യതകള്‍ നിര്‍ണയിക്കുകയും ചെയ്യുന്നു. സ്വഭാവവും ആദര്‍ശനിഷ്ഠയുംതന്നെ പ്രധാനം. വിവാഹിതരായാല്‍ പുരുഷന്റെയും സ്ത്രീയുടെയും അവകാശങ്ങളും കടമകളും സുവ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആത്മാര്‍ത്ഥമായ സ്‌നേഹവും അതിന്റെ അടിസ്ഥാനത്തിലുള്ള പെരുമാറ്റവും ദാമ്പത്യ ജീവിത വിജയത്തിന് അനിവാര്യം. പരസ്പരം അലിഞ്ഞുചേര്‍ന്നവര്‍ എന്നാണ് ഖുര്‍ആന്റെ വിശേഷണം. കുടുംബത്തിന്റെ നായകന്‍ ഭര്‍ത്താവ്. അദ്ദേഹത്തെ അനുസരിക്കേണ്ടതും പരിചരിക്കേണ്ടതും സ്ത്രീയുടെ ബാധ്യത. ശാരീരിക ബന്ധം വിവാഹത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം. രണ്ട് പേര്‍ക്കും സുഖവും ആനന്ദവും ലഭിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രവാചകന്‍ നല്‍കിയിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടായാല്‍ ഗര്‍ഭകാലം മുതലുള്ള ബാധ്യതകളും അവര്‍ ജനിച്ചുവളര്‍ന്ന് വലുതായാല്‍ അവര്‍ക്ക് മാതാപിതാക്കളോടുള്ള കടമകളും മതം വ്യക്തമാക്കിയിട്ടുണ്ട്. ‘ഉമ്മ’-ഖുര്‍ആന്റെ ഭാഷയില്‍ ‘ഉമ്മ്’-ഉച്ചരിക്കാന്‍ എളുപ്പമുള്ള ഒരു കൊച്ചു വാക്ക്. എന്നാല്‍ അത് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും സമര്‍പ്പണത്തിന്റെയും കരകാണാകടലാണ്. അതുകൊണ്ട്തന്നെ ഒരു മനുഷ്യന്‍ ഈ ജീവിതത്തില്‍ ഏറ്റവും നന്നായി സഹവസിക്കേണ്ടത് ഉമ്മയോടാണെന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. മാതാപിതാക്കള്‍ക്ക് പ്രായമായാല്‍ അവര്‍ക്ക് കാരുണ്യത്തിന്റെ ചിറക് വിരിച്ചുകൊടുക്കാന്‍ മക്കള്‍ ബാധ്യസ്ഥരാണ്.
സ്‌നേഹ സമ്പന്നനായ ഭര്‍ത്താവിന് മാതൃകയാണ് പ്രവാചകന്‍. ഇണയെ സന്തോഷിപ്പിക്കുന്നതില്‍ അദ്ദേഹം എത്രമാത്രം ജാഗ്രത പുലര്‍ത്തിയിരുന്നു. പത്‌നിയുമായി ഓട്ടമത്സരം നടത്തുന്നു; പെരുന്നാള്‍ ദിവസം പള്ളിമുറ്റത്തെ കളി കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രവാചകന്‍ കൂടെ നിന്നുകൊടുക്കുന്നു. പത്‌നി ആര്‍ത്തവകാരിയായിട്ടും അവരുടെ മടിയില്‍ ചാരിയിരുന്നു ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. തമാശയും പൊട്ടിച്ചിരിയുംകൊണ്ട് വീട് ആനന്ദഭരിതമാക്കുന്നു. വീട് അടിച്ചുവാരി വൃത്തിയാക്കുന്നു. ഒട്ടകത്തെ കറന്നും മറ്റു വീട്ടുജോലികള്‍ ചെയ്തും ഭാര്യയെ സഹായിക്കുന്നു. വീട്ടിലായാലും വൃത്തി പാലിക്കുന്നതിലും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിലും നല്ല വസ്ത്രം ധരിക്കുന്നതിലും അദ്ദേഹം ശ്രദ്ധിക്കുന്നു. ഭാര്യ വെള്ളം കുടിച്ച പാത്രത്തില്‍ അവര്‍ ചുണ്ട് വെച്ച അതേ സ്ഥലത്ത്തന്നെ ചുണ്ട് വെച്ച് അദ്ദേഹം വെള്ളം കുടിക്കുന്നു. ഭാര്യയുടെ വായില്‍ എന്തെങ്കിലും ഭക്ഷ്യവസ്തു വെച്ചുകൊടുക്കുന്നതിനെ പുണ്യകര്‍മ്മമായി വിശേഷിപ്പിക്കുന്നു. ഭാര്യയെ സംശയദൃഷ്ടിയോടെ നോക്കുന്നതും അവരോട് ദേഷ്യം പ്രകടിപ്പിക്കുന്നതും അദ്ദേഹം നിരോധിക്കുന്നു. എത്രമാത്രം തിരക്കുണ്ടെങ്കിലും ഭാര്യയുമായി വര്‍ത്തമാനം പറഞ്ഞ് രസിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ഉറങ്ങുംമുമ്പ് അവരുമായി നര്‍മ്മസല്ലാപത്തിലേര്‍പ്പെടും.
പ്രവാചകന്റെ പത്‌നിയും പ്രഥമ മുസ്‌ലിം വനിതയുമായ ഖദീജ ബീവി ഉത്തമ ഭാര്യക്ക് മാതൃതകയാണ്. സമ്പന്നയും വ്യാപാര പ്രമുഖയുമായിരുന്ന അവര്‍ മുഹമ്മദ് എന്ന ദരിദ്ര യുവാവിനെ കല്യാണം കഴിക്കുന്നു. ഹിറാ ഗുഹയില്‍ വെച്ച് ആദ്യമായി ദൈവിക സന്ദേശം ലഭിച്ചപ്പോഴുണ്ടായ അസാധാരണമായ അനുഭവത്തില്‍ പേടിച്ചു വിറച്ച് വീട്ടിലെത്തിയപ്പോള്‍ ബീവി സമാശ്വസിപ്പിച്ച രംഗം രോമാഞ്ചത്തോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. നബി കഠിനമായ എതിര്‍പ്പിന് വിധേയനായപ്പോള്‍ അവര്‍ താങ്ങും തണലുമായി വര്‍ത്തിച്ചു. ശത്രുക്കള്‍ അദ്ദേഹത്തെയും അനുയായികളെയും നാട്ടില്‍നിന്ന് പുറത്താക്കിയതിനെതുടര്‍ന്ന് അവര്‍ മലഞ്ചെരുവില്‍ പച്ചിലകള്‍ തിന്ന് കഴിച്ചുകൂട്ടിയപ്പോള്‍ ബീവിയും കൂടെയുണ്ടായിരുന്നു. ‘ആളുകള്‍ എന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നെ വിശ്വസിച്ചു. ആളുകള്‍ ഞാന്‍ പറയുന്നത് കളവാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ഞാന്‍ പറയുന്നത് സത്യമാണെന്ന് പ്രഖ്യാപിച്ചു. ആളുകള്‍ എനിക്ക് ഒന്നും തരാതെ എന്നെ കഷ്ടപ്പെടുത്തിയപ്പോള്‍ അവര്‍ എന്നെ തന്റെ ധനം കൊണ്ട് സഹായിച്ചു…’ പ്രവാചകന്‍ അവരെ സ്മരിച്ചത് ഇങ്ങനെയാണ്.
‘നിന്റെ സ്വര്‍ഗവും നരകവും നിന്റെ ഭര്‍ത്താവാണ്’- നബി ഒരു സ്ത്രീയെ ഉണര്‍ത്തി. ഭര്‍തൃ പ്രീതി നേടി മരണമടഞ്ഞവര്‍ക്ക് അദ്ദേഹം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഇതാണ് ഇസ്‌ലാമിലെ കുടുംബ ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖം. കുടുംബത്തിലെ എല്ലാവരും സംതൃപ്തര്‍, ആര്‍ക്കും ആരെപ്പറ്റിയും പരാതിയില്ല. തികച്ചും സമാധാനപരമായ അന്തരീക്ഷം. ഇതിന്റെ സൗന്ദര്യവും മഹിമയും വായിച്ചറിഞ്ഞാണ് പാശ്ചാത്യ വനിതകള്‍ ഇസ്‌ലാമിലേക്കാകൃഷ്ടരായത്. എന്നാല്‍ ഈ കുടുംബ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണോ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ ദൃശ്യമാകുന്നത്. വിവാഹ മോചനത്തിന്റെ തോത് ക്രമാതീതമാംവിധം വര്‍ധിച്ചിരിക്കുന്നു. സൂക്ഷ്മാന്വേഷണത്തില്‍ പ്രശ്‌നങ്ങളില്ലാത്ത, രമ്യതയിലും ഐക്യത്തിലും കഴിയുന്ന കുടുംബങ്ങള്‍ വളരെ അപൂര്‍വമാണെന്ന് കണ്ടെത്താന്‍ കഴിയും. ഭാര്യയും ഭര്‍ത്താവും തമ്മില്‍, ഭര്‍ത്താവിന്റെ ഉമ്മ, സഹോദരിമാര്‍, പിതാവ് ഇവരുമായിട്ടെല്ലാം പ്രശ്‌നങ്ങളാണ്. സ്ത്രീ വളഞ്ഞവാരിയെല്ലുകൊണ്ട് സൃഷ്ടിക്കപ്പെട്ടവളാണെന്നും ആ വളവ് നേരെയാക്കാന്‍ പുറപ്പെട്ടാല്‍ പൊട്ടിപ്പോകുമെന്നുള്ള പ്രവാചക വചനത്തിന്റെ ആന്തരാര്‍ത്ഥം ഗ്രഹിക്കാതെ പെരുമാറുന്നവരാണ് പലരും. കുടുംബ കോടതികളിലെത്തുന്ന കേസുകളില്‍ സമുദായത്തിന്റെ ശതമാനം ഒട്ടും കുറഞ്ഞതല്ല.
സ്‌നേഹം, ഐക്യം, വിട്ടുവീഴ്ച, പരസ്പര ധാരണ, സമാധാനം തുടങ്ങിയ മൂല്യങ്ങളിലധിഷ്ഠിതമായ ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥ എത്ര സുന്ദരവും പ്രായോഗികവുമാണ്. കുടുംബാംഗങ്ങളില്‍ ഈ മൂല്യങ്ങള്‍ പാലിച്ചു ജീവിക്കാനുള്ളബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ മതത്തിന്റെ ആരാധനാ കര്‍മ്മങ്ങളൊക്കെ മുറപോലെ നിര്‍വഹിക്കുകയും ഭക്തിവേഷം ധരിക്കുകയും ജനനന്മക്കായി പല പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും കുടുംബത്തിലെ പെരുമാറ്റവും സ്വഭാവവും പ്രവൃത്തിയും അതിനനുസരിച്ചായ്‌ക്കൊള്ളണമെന്നില്ല. കുടുംബത്തിലെങ്ങനെ എന്നതാണ് മനുഷ്യന്റെ യഥാര്‍ത്ഥ ഭക്തിവിലയിരുത്താനുള്ള മാനദണ്ഡം. ഞാന്‍ എന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവന്‍ ആണെന്ന പ്രവാചകന്റെ പ്രസ്താവന എത്ര അര്‍ത്ഥ ഗര്‍ഭമാണ്. ‘അന്യരെ സ്‌നേഹിക്കാതെ നിങ്ങള്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല’ പ്രവാചകന്‍ പ്രസ്താവിച്ചു. പ്രമാണങ്ങളിലെ കുടുംബജീവിതം സമൂഹത്തില്‍ ദൃശ്യമാകാതെ വരുമ്പോള്‍ കുറ്റം ഇസ്‌ലാമിന്റെ പേരിലാണ് ചുമത്തപ്പെടുന്നത്.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories
സ്‌നേഹത്തിന്റെ സൗന്ദര്യം തിളങ്ങാത്ത കുടുംബജീവിതം
Tags: friday message