ദമാം: കേരള സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സ്ഥാപിച്ച് നല്‍കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ പിന്തുണയ്ക്കായി ഗള്‍ഫില്‍ വെള്ളിയാഴ്ച ഓക്‌സിജന്‍ ഡേ ആയി ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ അടിസ്ഥാന ഘടകം മുതല്‍ ഗള്‍ഫ് കൗണ്‍സില്‍ വരെയുള്ള മുഴുവന്‍ അംഗങ്ങളും പദ്ധതിയുടെ ഭാഗമാവുകയും ഭാഗധേയം അറിയിക്കുകയും ചെയ്യുമെന്ന് അവര്‍ അറിയിച്ചു. ഒന്നേകാല്‍ കോടി മുതല്‍മുടക്കില്‍, സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്താണ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ച് നല്‍കുക. ദിനേന 1000 ലിറ്റര്‍ ഉല്പാദന ശേഷിയുള്ളതായിരിക്കും പ്ലാന്റ്. കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികളില്‍ കേരളത്തിലും ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള കരുതലിന്റെ ഭാഗമാണ് പദ്ധതി ഏറ്റെടുത്ത് നിര്‍വഹിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് കൃത്രിമമായി ശ്വാസം നല്‍കാനുള്ള സൗകര്യങ്ങളുടെ അഭാവം ഭീതിതമായ അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി ഗള്‍ഫിലെ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐസിഎഫ് നാട്ടിലെ പദ്ധതികളില്‍ ഇതാദ്യമായല്ല പങ്കാളികളാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വാക്‌സിന്‍ ചലഞ്ചില്‍ 5000 വാക്‌സിന്‍ ഐസിഎഫ് ഏറ്റെടുത്തിരുന്നു. മനുഷ്യ നന്മയും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമേകുന്നതിനും സംഘടന എന്നും മുന്നില്‍ നിന്നിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിലും പലനിലയിലും താങ്ങാകാന്‍ കഴിഞ്ഞു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിന് സമീപം രോഗികള്‍ക്കും കൂടെനില്‍ക്കുന്നവര്‍ക്കും സഹായകമാകും വിധം പണികഴിപ്പിച്ച സാന്ത്വന കേന്ദ്രം ഐസിഎഫിന്റെ സംഭാവനയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സമര്‍പ്പണം. മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രഖ്യാപനം നേരത്തേ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചിരുന്നു. ദമാമില്‍ നടന്ന പത്ര സമ്മേളനത്തില്‍ ഐസിഎഫ് സൗദി നാഷണല്‍ ഭാരവാഹികളായ നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, സുബൈര്‍ സഖാഫി, സലിം പാലച്ചിറ എന്നിവര്‍ പങ്കെടുത്തു