ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനായി ശേഖരിച്ച പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതായി, ആധാര്‍ കേസിലെ പരാതിക്കാര്‍ സുപ്രീംകോടതിയില്‍. 135 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഇങ്ങനെ പോയാല്‍ ഏകീകൃത തിരിച്ചറിയല്‍ രേഖ എന്ന നിലയിലുള്ള ആധാറിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പൗരന്മാരുടെ സുരക്ഷക്കു തന്നെ ഇത് ഭീഷണി സൃഷ്ടിക്കുന്നതായും പരാതിക്കാര്‍ ബോധിപ്പിച്ചു.
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ)യുടെ സെര്‍വറില്‍നിന്നു തന്നെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ കരിമ്പട്ടികയില്‍ പെടുത്തിയവരുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരവാകശ അപേക്ഷക്ക് ലഭിച്ച മറുപിടിയില്‍നിന്ന് ഇതുസംബന്ധിച്ച് 1400ല്‍ അധികം പരാതികള്‍ യു.എ.ഐ.ഡി.എക്ക് ലഭിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ ഇതില്‍ മൂന്ന് പരാതികള്‍ മാത്രമാണ് യു.ഐ.ഡി.എ.ഐ പൊലീസിന് കൈമാറിയത്. കൈക്കൂലി വാങ്ങി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി, വ്യാജ ആധാര്‍ രജിസ്‌ട്രേഷന് ഒത്താശ ചെയ്തു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരാതികളില്‍ നടപടി എടുക്കാതിരിക്കാനുള്ള കാരണം പോലും യു.ഐ.ഡി.എ.ഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ 210 വെബ്‌സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം സെര്‍വറുകളില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതു തന്നെ ഇവ ചോരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
ക്രമക്കേടുകളെതുടര്‍ന്ന് 49,000 ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍മാരെ കരിമ്പട്ടികയില്‍ പെടുത്തിയതായി യു.ഐ.ഡി.എ.ഐ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭഗവാന്‍ ഹനുമാനും ഝാന്‍സി റാണിക്കും കസേരക്കും പട്ടിക്കും വരെ ആധാര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡിക്കും ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ സാമ്പത്തിക നേട്ടം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശത്തെതുടര്‍ന്ന് സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് വിവര ചോര്‍ച്ച ഉയര്‍ത്തുന്ന സുരക്ഷാ ആശങ്ക പരാതിക്കാര്‍ ഉന്നയിച്ചത്. പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ശ്യാം ദിവാന്‍, വിപിന്‍ നായര്‍ എന്നിവര്‍ ഹാജരായി.
വിവരങ്ങള്‍ ചോര്‍ന്നത് ആധാര്‍ നിയമത്തിലെ സെക്ഷന്‍ 29ന്റെ ലംഘനമാണെന്ന് പരാതിക്കാര്‍ ഉന്നയിച്ചു. ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പോലും അറിയിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാറും ഇതുസംബന്ധിച്ച നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ കാത്തു നില്‍ക്കാതെ ആധാറിന്റെ നിയമസാധുത കേസില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു. ആധാറിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട 20 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.