X
    Categories: Sports

അച്ചടക്കത്തിന്റെ ആസൂത്രണത്തിന്റെ ഫ്രഞ്ച് വിപ്ലവം

 

മോസ്‌ക്കോ:ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫ്രാന്‍സ് വീണ്ടും ലോക ജേതാക്കളാവുമ്പോള്‍ അത് വ്യക്തമായ ആസുത്രണത്തിനുള്ള ശക്തമായ തെളിവാണ്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ദീദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകനും നല്ല കൂറെ താരങ്ങളും പിന്നെ ഒരു മാസത്തോളം ദീര്‍ഘിച്ച ചാമ്പ്യന്‍ഷിപ്പിനെ വ്യക്തമായി പ്ലാന്‍ ചെയ്ത ടീം മാനേജ്‌മെന്റും സപ്പോര്‍ട്ടിംഗ് സ്റ്റാഫും. അവര്‍ക്കാണ് മാര്‍ക്ക്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ക്കായി ടീമിനെ ആരോഗ്യത്തോടെ ഒരുക്കുക എന്നത് ലളിതമായ കാര്യമല്ല. മനോവീര്യം തകരാതെ ഏത് ഘട്ടത്തിലും അടിക്കാനും തിരിച്ചടിക്കാനുമുള്ള മനസ്സായിരുന്നു ഫ്രാന്‍സിന്റെ വിജയത്തില്‍ പ്രതിഫലിച്ചത്. 1998 ല്‍ നായകനായി ലോകകപ്പ്് ഉയര്‍ത്തിയ ദെഷാംപ്‌സ് 2018 ല്‍ പരിശീലകനായി കപ്പ് ഉയര്‍ത്തിയപ്പോള്‍ ആ ഫ്രഞ്ച് വിജയത്തിലേക്കുള്ള മുഖ്യചുവടുകള്‍ നോക്കാം.

തന്ത്രശാലിയായ കോച്ച്
ഞായറാഴ്ച്ച ലോകകപ്പ്് ഫൈനല്‍ കഴിഞ്ഞയുടന്‍ മൈതാനത്തിന്റെ ഒരു ഭാഗത്ത് ഫ്രഞ്ച് താരങ്ങള്‍ ആഘോഷം നടത്തുന്നു. അവരില്‍ നിന്നും മാറി കോച്് ദീദിയര്‍ ദെഷാംപ്‌സ് ക്രൊയേഷ്യന്‍ താരങ്ങളുടെ അരികിലേക്ക് പോവുന്നു. എല്ലാവരെയും ആശ്വസിപ്പിക്കുന്നു, ആശ്ലേഷിക്കുന്നു. ആ മനസ്സാണ് ദെഷാംപ്‌സിന്റെ വിജയവഴി. അദ്ദേഹത്തിലെ തന്ത്രശാലി ബഹളക്കാരനല്ല. ആരെയും വഴക്ക് പറയുന്ന സ്വാഭാവക്കാരനുമല്ല. നിശബ്ദനായി ഡഗൗട്ടില്‍ കളിയെ വിലയിരുത്തും. പ്രായോഗികമായി ചിന്തിക്കും. ഈ പ്രായോഗിക ചിന്തക്ക്് കാരണം അദ്ദേഹം നല്ല ഫുട്‌ബോളറായിരുന്നു എന്നതാണ്. കളിക്കാരുടെ മനസ്സും കളിമനസ്സും മൈതാന മനസ്സും പ്രതിയോഗികളുടെ മനസ്സും പഠിക്കണം. ഒന്നാം പകുതിക്ക് പിരിയുമ്പോള്‍ മല്‍സരം 2-1ന് ഫ്രാന്‍സിന് അനുകൂലമാണ്. സെമിയില്‍ ഇംഗ്ലണ്ട് ചിന്തിച്ചത് പോലെ ലീഡില്‍ വേണമെങ്കില്‍ കടിച്ച് തൂങ്ങാം. ആ വഴി അപകടമാണെന്ന് മനസ്സിലാക്കിയാണ് ദെഷാംപ്‌സിലെ പരിശീലകന്‍ സ്വന്തം താരങ്ങളെ പ്രത്യാക്രമണ ദൗത്യത്തില്‍ നിയോഗിച്ചത്. ക്രോട്ടുകാര്‍ രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ച് ആക്രമിക്കും. അപ്പോള്‍ ലഭിക്കുന്ന പ്രത്യാക്രമണ അവസരങ്ങളെ പ്രയോജനപ്പെടുത്തണം. ആ നിര്‍ദ്ദേശമായിരുന്നു പോള്‍ പോഗ്ബയും കൈലിയന്‍ എംബാപ്പേയും ഗോളാക്കി മാറ്റിയത്. റാഫേല്‍ വരാനെയെ പോലെ ഒരാള്‍ നയിക്കുന്ന ഡിഫന്‍സിനെ കടന്നുകയറുക എളുപ്പമല്ല . ക്രോട്ടുകാര്‍ ആക്രമണം ശക്തമാക്കിയപ്പോഴും ഡിഫന്‍സ് കുലുങ്ങിയില്ല. പെനാല്‍ട്ടി ബോക്‌സിനുള്ളിലേക്ക് ക്രോട്ടുകാരെ പ്രവേശിപ്പിക്കാതെ എല്ലാവരും അതിര്‍ത്തി കാത്തു. ഈ തന്ത്രങ്ങളുടെ പ്രായോഗികതയിലായിരുന്നു ഫ്രാന്‍സ് അടിസ്ഥാനപരമായി യുദ്ധം ജയിച്ചത്. രണ്ടാം പകുതിയില്‍ വിശ്വസ്തനായ നക്കാലെ കാണ്ടെയെ പിന്‍വലിച്ചത് പോലും യുദ്ധം അറിയുന്ന സൈന്യാധിപന്റെ ബുദ്ധി ആയിരുന്നു. ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച കാണ്ടെ രണ്ടാം പകുതിയിലെ ക്രോട്ട്് ആക്രമണം നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ വീണ്ടും ബുക്ക് ചെയ്യപ്പെട്ടേക്കാം എന്ന് കരുതി തന്നെയാണ് 4-1 ല്‍ ടീം നില്‍ക്കുമ്പോള്‍ തന്റെ പ്രധാനിയെ കോച്ച് തിരിച്ചുവിളിച്ചത്. സ്‌പോട്ട് കിക്കുകള്‍ക്കായി ഗ്രിസ്മാനെ മാത്രം നിയോഗിക്കുന്നതിലെ ബുദ്ധിയും ആ താരത്തെ അറിയാവുന്ന കൃത്യതയാണ്. തനിക്ക് ആവശ്യമുള്ളവരെ മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്-ബെന്‍സേമയെ പോലും തഴഞ്ഞത് ഇത് കൊണ്ടായിരുന്നു.

ആരോഗ്യമുള്ള മധ്യനിര
ഈ ലോകകപ്പ്് മധ്യനിരക്കാരുടേതായിരുന്നു-കലാശത്തിലും മധ്യനിരയുടെ ശക്തമായ പ്രാബല്യമാണ് പ്രകടമായത്. നക്കാലെ കാണ്ടെയും പോള്‍ പോഗ്ബയും ബ്ലെയിസെ മറ്റൗഡിയും അഞ്ചലരായി നിന്നു. പന്തുകള്‍ മാത്രമല്ല കളിയെ തന്നെയും വ്യക്തമായി നിയന്ത്രിച്ചു. ആവശ്യമായ ഘട്ടത്തില്‍ ഹോള്‍ഡ് ചെയ്തു. പോഗ്ബയിലെ താരത്തിന്റെ വില ഇത്തരം ഘട്ടങ്ങളിലാണ് മനസ്സിലാവുക. പിറകില്‍ നിന്ന് കരുത്തനായി അദ്ദേഹം കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ ആധികാരികമായി തന്നെ എംബാപ്പേയെ പോലുളളവരെ തെറ്റ് വരുത്തുമ്പോള്‍ ചീത്ത വിളിക്കുന്നു. ലോകകപ്പില്‍ ഫ്രാന്‍സ് കളിച്ചത് ഏഴ് മല്‍സരങ്ങളില്‍. ആറില്‍ വിജയവും ഒരു സമനിലയും. ഈ അധ്വാനത്തിലെ വിജയഘടകം അവരുടെ മധ്യനിരയാണ്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായി വരുന്ന അന്റോണിയോ ഗ്രിസ്മാന്‍ പോലും പന്ത് ഇറങ്ങി വാങ്ങാറാണ്. അര്‍ജന്റീന, ഉറുഗ്വേ, ബെല്‍ജിയം എന്നിവരെയെല്ലാം തോല്‍പ്പിച്ചായിരുന്നല്ലോ ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശം-എല്ലാ മല്‍സരങ്ങളിലും പോഗ്ബയും സംഘവുമായിരുന്നു അടിയുറച്ച് നിന്നത്.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ്
ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ മൈതാനത്് ഫ്രഞ്ച് താരങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കാതെ ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ എല്ലാവരും കൈകോര്‍ക്കുന്നു-അവര്‍ കോച്ചുമൊത്ത് തുള്ളിച്ചാടുന്നു. അവര്‍ക്കിത് അവരുടെ വിജയമാണ്. ഓരോ താരത്തെയും ഒരുക്കിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് മെഡിക്കല്‍ സംഘത്തിന്. റഷ്യയില്‍ എത്തിയതിന് ശേഷം പരുക്കിന്റെ പിടിയിലായിരുന്നില്ല ആരും. കൃത്യമായ പ്ലാനിംഗില്‍ പരിശീലനവും വിശ്രമവുമെല്ലായി താരങ്ങളെ ഓരോ മല്‍സരത്തിനും അവര്‍ സജ്ജരാക്കി. വേദിയില്‍ നിന്നും വേദികളിലേക്കുള്ള വലിയ യാത്രകളെ പോലും പ്ലാന്‍ ചെയ്തായിരുന്നു സഹപരിശീലകര്‍ കളിക്കാരുടെ ഊര്‍ജ്ജം നിലനിര്‍്ത്തിയത്. ഗ്രിസ്മാനും പോഗ്ബയും എംബാപ്പേുമെല്ലാം വലിയ ലീഗുകള്‍ കളിച്ച ക്ഷീണത്തിലായിരുന്നു ലോകകപ്പ് ക്യാമ്പിലേക്ക് വന്നത്. അവരെ പരിശീലനത്തിന്റെ പേരില്‍ പിഢിപ്പിക്കാതെ അവരിലെ അനുഭവസമ്പത്തിനെ അംഗീകരിച്ചുള്ള പ്രാക്ടിക്കല്‍ സെഷനുകളാണ് പ്ലാന്‍ ചെയ്തത്.

കൂള്‍ ഫിനിഷിംഗ്
അന്റോണിയോ ഗ്രിസ്മാനെ പോലെ ഒരു കൂള്‍ ഫിനിഷര്‍ യൂറോപ്യന്‍ ഫുട്‌ബോളില്ലില്ല. അത്‌ലറ്റികോ മാഡ്രിഡിനായി അദ്ദേഹം എത്ര ഗോളുകളാണ് സ്പാനിഷ് ലാലീഗയില്‍ നേടുന്നത്. അതേ ലാഘവത്തോടെ തന്നെയാണ് രാജ്യത്തിനായി അദ്ദേഹം കളിക്കുന്നതും സ്‌ക്കോര്‍ ചെയ്യുന്നതും. വലിയ താരമാണ് എന്ന തലക്കനമില്ല. പന്ത് കിട്ടിയാലോ കളിക്കൂ എന്ന വാശിയുമില്ല. പന്തിനെ തേടി പോയി അതിവേഗതയില്‍ കളിച്ച് പ്രതിയോഗികളെ വിറപ്പിക്കുന്ന ആ തന്ത്രത്തിലെ സൗന്ദര്യം തന്നെയാണ് ഫ്രാന്‍സിന്റെ ഗോളുകളെന്നത്. ഗ്രിസ്മാന്‍ നാല് ഗോളുകള്‍ നേടി. ടീമിന്റെ എല്ലാ സ്‌പോട്ട് കിക്കുകളും അദ്ദേഹമാണ് എടുക്കാറുള്ളത്. ഒലിവര്‍ ജിറോര്‍ഡ്, എംബാപ്പേ എന്നിവര്‍ക്കെല്ലാം എപ്പോഴും പന്ത് സമ്മാനിക്കുന്നതും അദ്ദേഹം തന്നെ. ഫൈനലില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ടീം കപ്പുയര്‍ത്തിയപ്പോഴും അമിതാഹ്ലാദമില്ല ഗ്രിസ്മാന്. വളരെ കൂള്‍.

chandrika: