ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. 19 വര്‍ഷമായി നേപ്പാള്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജയിലില്‍ നിന്ന് അദ്ദേഹത്തെ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോയത്. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ അറിയിച്ചു. അതേസമയം ഇന്ന് തന്നെ ഫ്രന്‍സിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ജയില്‍ മോചിതനായി 15 ദിവസത്തിനകം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ആരാണ് ചാള്‍സ് ശോഭരാജ് ?
ചാള്‍സ് ശോഭരാജ് എന്ന പേരിനു പോലും ചോരയുടെ മണമുണ്ടെന്നാണ് പറയാറ്. ലോകം കണ്ട ഏറ്റവും കുപ്രസിദ്ധരായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ശോഭരാജ് അത്രയേറെ മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ പിതാവിന് വിയറ്റ്നാമീസ് യുവതിയില്‍ ജനിച്ച ചാള്‍സ് ശോഭരാജിന്റെ കുട്ടിക്കാലം വിയറ്റ്നാമിലെ സൈഗോണ്‍ തെരുവുകളിലായിരുന്നു. മാതാവ് പിന്നീട് ഒരു ഫ്രഞ്ച് സൈനിക ഓഫീസറെ വിവാഹം ചെയ്തതോടെ ശോഭരാജിന്റെ ജീവിതം ഫ്രാന്‍സിലേക്ക് പറിച്ചു നടപ്പെട്ടു. ഇവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനം പാതിവഴിയില്‍ നിര്‍ത്തി തെരുവുകളില്‍ മോഷണവും പിടിച്ചുപറിയുമായി ശോഭരാജ് തന്റെ ക്രിമിനല്‍ ജീവിതത്തിന് തുടക്കമിട്ടു. ഫ്രാന്‍സില്‍ മത്രം രണ്ടു ഡസനിലധികം പേരെ ശോഭരാജ് കൊലപ്പെടുത്തിയതായാണ് കണക്ക്.
1976ല്‍ ആദ്യമായി അറസ്റ്റിലായെങ്കിലും വിദഗ്ധമായി ജയില്‍ ചാടി. പിന്നിട് പല രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് കൊലപാതകവും പിടിച്ചുപറിയും അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. ഇതിനിടെയാണ് ദക്ഷിണേഷ്യയിലുമെത്തിയത്. 1980കളില്‍ ഇന്ത്യയില്‍ ഒരുകൂട്ടം ഫ്രഞ്ച് വിനോദ സഞ്ചാരികളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നതിന് ജയിലിലായെങ്കിലും പിന്നീട് ജയില്‍ ചാടി. ഒരു മാസത്തിനു ശേഷം വീണ്ടും പിടിയിലായി. 1997 വരെ തീഹാര്‍ ജയിലില്‍ തടവുകാരനായി കഴിഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതോടെ വീണ്ടും കുറ്റകൃത്യങ്ങള്‍ തുടങ്ങി. 2003ലാണ് അമേരിക്കന്‍ യുവാവിനേയും കാമുകിയേയും കൊലപ്പെടുത്തിയ കേസില്‍ നേപ്പാള്‍ പൊലീസിന്റെ പിടിയിലായത്. അന്നു മുതല്‍ കാഠ്മണ്ഠു സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. അധോലോക നായകനായിരുന്ന ശോഭരാജിന്റെ ക്രൈം ത്രില്ലര്‍ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് സിനിമ ഡോണും മോഹന്‍ലാല്‍ നായകനായ മലയാള സിനിമ ശോഭ്രാജും ഇതില്‍ ചിലതാണ്.