X

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മാക്രോണും മറീന്‍ ലെപെന്നും നേര്‍ക്കുനേര്‍

പാരീസ്: ഫ്രാന്‍സിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍. ആദ്യഘട്ട വോട്ടെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50 ശതമാനത്തിലധികം വോട്ടു നേടാനായില്ല. ഇതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. മധ്യവാദിയും ഫ്രാന്‍സ്വെ ഒലാങ് മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായിരുന്ന ഇമ്മാനുവല്‍ മാക്രോണ്‍ 23.0 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. തീവ്രവലതുപക്ഷ സ്ഥാനാര്‍ത്ഥി മറീന്‍ ലീ പെന്നാണ് രണ്ടാം സ്ഥാനത്ത്. 21.5 ശതമാനം വോട്ടുകള്‍. മെയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മാക്രോണും മറീന്‍ ലീ പെന്നും ഏറ്റുമുട്ടും. ഇടത് മധ്യവര്‍ഗ പാര്‍ട്ടികള്‍ക്ക് മുന്‍തൂക്കം ലഭിക്കാറുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ തന്നെ സോഷ്യലിസ്റ്റ്-റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ പുറത്താകുന്നത് ആദ്യമായാണ്. ആകെ 11 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇമ്മാനുവല്‍ മാക്രോണ്‍, മറീന്‍ ലെ പെന്‍ എന്നിവരെ കൂടാതെ ഇടതുപക്ഷക്കാരനും അണ്‍ബോവ്ഡ് ഫ്രാന്‍സ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമായ ലൂന്‍ മെലന്‍ഷോണ്‍, മധ്യവലതുപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബെനോയിറ്റ് ഹാമ്മണ്‍ എന്നിവര്‍ തമ്മിലായിരുന്നു പ്രധാന മത്സരം. അഭിപ്രായ വോട്ടെടുപ്പില്‍ മാരിന്‍ ലെ പെന്നിനായിരുന്നു മുന്‍പില്‍. എന്നാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ മത്സരിച്ച മുന്‍ ബാങ്കര്‍ ഇമ്മാനുവല്‍ മാക്രോണ്‍ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയാണ് മാക്രോണ്‍. സാമ്പത്തിക വിഷയങ്ങളില്‍ ഉദാരനിലപാട് സ്വീകരിക്കുകയും യൂറോപ്യന്‍ യൂണിയനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചത്. അതേ സമയം ഫ്രാന്‍സില്‍ നിന്നും കുടിയേറ്റക്കാരെ പുറത്താക്കുമെന്നും രാജ്യത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നു മോചിപ്പിക്കുമെന്ന വാഗ്ദാനങ്ങളാണ് മറീന്‍ ലീ പെന്‍ മുന്നോട്ടു വെച്ചത്. രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്നു രാജ്യസുരക്ഷയായിരുന്നു മറ്റൊരു പ്രധാന പ്രചാരണ വിഷയം. തെരഞ്ഞെടുപ്പില്‍ 69.42 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2012ലെ തെരഞ്ഞെടുപ്പില്‍ 70.59 ശതമാനമായിരുന്നു പോളിങ്. മെയ് മാസം ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. മൂന്നിന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ സ്ഥാനാര്‍ത്ഥികളുടെ ടെലിവിഷന്‍ ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. മെയ് 14ന് പുതിയ പ്രസിഡന്റ് അധികാരത്തിലെത്തും. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

chandrika: