ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി കലാശക്കളിക്ക് യോഗ്യത നേടി പി.എസ്.ജി. സെമി ഫൈനലില്‍ ലീപ്‌സിഷിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് ഫ്രഞ്ച് ക്ലബ് ഫൈനലില്‍ പ്രവേശിച്ചത്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് പി.എസ്.ജിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
ടോട്ടന്‍ഹാമിനെയും ലിവര്‍പൂളിനെ തോല്‍പ്പിച്ച അത്‌ലറ്റികോ മാഡ്രിഡിനെയും കെട്ടുകെട്ടിച്ച ലീപ്‌സിഷിന് നെയ്മര്‍, എംബാപ്പെ, ഡി മരിയ എന്നിവര്‍ അടങ്ങുന്ന സൂപ്പര്‍സംഘത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ പതിമൂന്നാം മിനിറ്റില്‍ തന്നെ പി.എസ്.ജി ലീഡ് നേടി. മരിയയുടെ ഫ്രീകിക്കില്‍ നിന്ന് ബ്രസീല്‍ താരം മാര്‍ക്വിഞ്ഞോസ് ആണ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. ലീപ്‌സിഗ് പ്രതിരോധനിര ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ട പന്തില്‍ നിന്നായിരുന്നു മരിയയുടെ ഗോള്‍. 56-ാം മിനിറ്റില്‍ പി.എസ്.ജി വീണ്ടും സ്‌കോര്‍ ചെയ്തു. യുവാന്‍ ബെര്‍നാട് ആയിരുന്നു സ്‌കോറര്‍.
ബയേണ്‍ മ്യൂണിക്കും ഒളിമ്പിക് ലിയോണും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലില്‍ പി.എസ്.ജി ഏറ്റുമുട്ടും.