ബൊമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സിന്റെ മിന്നല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ് അവകാശപ്പെട്ടു. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്ത് വെള്ളിയാഴ്ചയാണ് ആക്രമണം നടന്നത്.
‘ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. പ്രദേശത്ത് ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ വ്യൂഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്യ സൈനിക നീക്കത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി തീവ്രവാദികള്‍ മരങ്ങള്‍ക്കടിയിലേക്ക് മറഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നു’- ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി വ്യക്തമാക്കി. നാല് തീവ്രവാദികളെ പിടികൂടിയതായി സൈനിക വക്താവ് ഫ്രെഡറിക് ബാര്‍ബ്രി പറഞ്ഞു.
ഗ്രേറ്റര്‍ സഹാറയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും ഇപ്പോള്‍ 3,000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും ബാര്‍ബ്രി അറിയിച്ചു. സ്ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മേഖലയിലെ അന്‍സാറുല്‍ ഗ്രൂപ്പിന് വലിയ ആഘാതമാണ് ആ സൈനികം നീക്കം കൊണ്ടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.