ന്യൂഡല്‍ഹി: അടുത്തിടെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
കേസില്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയോടാണ് കോടതി ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തിയത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ഹര്‍ജിക്കാര്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. ഈ വേളയില്‍, എല്ലാവര്‍ക്കും അവരവര്‍ വിശ്വസിക്കുന്നതും തോന്നിയതുമായ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കോടതി പറഞ്ഞു.
‘നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവര്‍ക്കുമുണ്ട് ഒരുപാട്. ഈയിടെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നു ഞങ്ങള്‍ക്ക് പറയേണ്ടി വരുന്നു’ – എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാര്‍ സത്യവാങ്മൂലം പൂര്‍ണമല്ലാത്തതിന്റെ പേരില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് ഇതേക്കുറിച്ച് പറയുകയും ചെയ്തു. കോടതിയെ ഇതു പോലെ കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് താക്കീത് നല്‍കി. കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും.