കെ.പി രാമനുണ്ണി
സ്വാതന്ത്ര്യം എങ്ങിനെയെല്ലാമാണ് നഷ്ടപ്പെടുന്നത് എന്നത് സംബന്ധിച്ച് ഗഹനമായ ആലോചനകള്‍ക്ക് നാം തയ്യാറാവേണ്ടതുണ്ട്. 200 വര്‍ഷക്കാലം ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചുമുടിച്ചതിന്റെ ചരിത്ര പശ്ചാത്തലങ്ങളിലേക്ക് നോക്കുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന പരസ്പര മത്സരവും പോരുമാണ് അവര്‍ക്ക് നമ്മുടെ രാജ്യത്തെ എളുപ്പം കീഴടക്കാനായതെന്ന് കാണാന്‍ കഴിയും. അനൈക്യമാണ് നമ്മുടെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിയത്. ഇന്ത്യക്കാരുടെ ഐക്യത്തെതുടര്‍ന്നാണ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുഴക്കാനും ബ്രിട്ടീഷുകാരെ കടല്‍കടത്താനും സാധിച്ചത്. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരില്‍ ഭരണകൂടം തന്നെ നടത്തുന്ന വിഭജനമാണ് ഇന്ത്യ നേരിടുന്ന നിര്‍ഭാഗ്യകരമായ പ്രശ്‌നം. ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ തമിഴരും തമ്മിലുള്ള വിഭജനമായിരുന്നു ശ്രീലങ്കയുടെ തകര്‍ച്ചയിലേക്ക് നയിച്ചതും.
അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വയം ആവിഷ്‌കാരിക്കാനുള്ള സ്വാതന്ത്ര്യത്തിനും തടസ്സമില്ലാത്ത അവസ്ഥയാണ് ഒരു രാജ്യത്ത് സ്വാതന്ത്ര്യം നിലനില്‍ക്കുന്നതിന്റെ അടയാളം. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. ഭരണകൂടങ്ങള്‍ക്കെതിരെ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താല്‍ ഔദ്യോഗിക സംവിധാനങ്ങ ഉപയോഗിച്ച് അവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എഴുത്തുകാരും ബുദ്ധിജീവികളും കലാകാരന്‍മാരുമെല്ലാം നിരന്തരം വേട്ടയാടപ്പെടുകയാണ്. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടതും ജാതിവിരുദ്ധ സമീപനങ്ങള്‍ കൃതിയിലൂടെ തുറന്നു കാട്ടിയതിന്റെ പേരില്‍ പെരുമാള്‍ മുരുകനു നേരെയുണ്ടായ ഭീഷണിയുമെല്ലാം ഇന്ത്യയുടെ സംസ്‌കാരിക പൈതൃകത്തിന് വിരുദ്ധമാണ്. ബുക്കര്‍ സമ്മാന ജേതാവ് ഗീതാഞ്ജലി ശ്രീയുടെ സ്വീകരണ ചടങ്ങ് പോലും സംഘാടകര്‍ക്ക് മാറ്റി വെക്കണ്ടിവന്ന സംഭവം നിര്‍ഭാഗ്യകരമാണ്. അവരുടെ നോവലിനെതിരെ ഊഹത്തിന്റ അടിസ്ഥാനത്തിലാണ് ഫാസിസ്റ്റുകള്‍ ഉറഞ്ഞുതുള്ളുന്നത്. സിനിമാ ലോകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധത്തെ പറ്റി വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സ്വതന്ത്ര ചിന്തയുടെയും ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളുടെയും സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന ഫാസിസത്തിനെതിരായി എഴുത്തുകാരും കലാകാരന്‍മാരും ജനങ്ങളും ഒന്നിച്ചു പോരാടേണ്ടതുണ്ട്. എഴുത്തുകാര്‍ ഈ പോരാട്ടത്തിന്റെ മുന്‍പന്തിയിലുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായാണ് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് കവി സച്ചിദാനന്ദനും മറ്റും രാജി വെച്ചത്. സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ സഞ്ചാരം ഇരുളടഞ്ഞ കാലത്തേക്കായിരിക്കും. ചിന്താപരവും ബുദ്ധിപരവുമായ സ്വാതന്ത്ര്യവുമാണ് മാനവരാശിയെ മൂല്യങ്ങളിലേക്ക് നയിക്കുന്നത്. അതിന് തടയിടുമ്പോള്‍ മനുഷ്യ പുരോഗതിയെയും രാഷ്ട്രത്തിന്റെ ജീവപരമായ നിലനില്‍പ്പിനെയുമാണ് അത് റദ്ദു ചെയ്യുന്നത്. ഭരണകൂടവും നിക്ഷിപ്ത താല്‍പര്യക്കാരും ഫാസിസ്റ്റുകളും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ തയ്യാറാവണം.
(സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ യൂത്ത്‌ലീഗ് ഫ്രീഡം ടോക്‌സില്‍ നടത്തിയ പ്രഭാഷണം)
സംഗ്രഹം: പി. ഇസ്മായില്‍ വയനാട്