തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ നടന്നു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ മുഖ്യമന്ത്രി സ്വീകരിച്ചു സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാന്‍ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മനുഷ്യരെയും തുല്യരായി കണ്ട് കേരളം രാജ്യത്തിന് മാതൃകയായെന്നും 2025 ഓടെ അതിദാരിദ്ര്യം കേരളത്തില്‍ നിന്ന് തുടച്ച് നീക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ സവിശേഷത. മതനിരപേക്ഷതയെ പിറകോട്ടടിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്.അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളണം. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് ആഭ്യന്തര ഉത്പാദനം 84 ശതമാനം വര്‍ധിച്ചു. കേരളത്തിന്റെ കടം കുറക്കാനുമായി.പദ്ധതി ആരംഭിച്ച് ആദ്യ എട്ട് മാസം കൊണ്ട് ഒരു ലക്ഷം സംരംഭം പൂര്‍ത്തിയാക്കി. കേരളത്തിന്റെ ഐ ടി മേഖല കുതിപ്പിന്റെ പാതയിലാണ്. നവകേരളം ഒരുക്കാന്‍ എല്ലാ കേരളീയന്റെയും സഹകരണം വേണം.നമ്മുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ജനാധിപത്യത്തെയും മത നിരപേക്ഷതയും ശാസ്ത്ര ചിന്തയെയും ശക്തിപ്പെടുത്തണം’.. മുഖ്യമന്ത്രി പറഞ്ഞു.