തിരുവനന്തപുരം: എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സൗജന്യമായി സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുങ്ങുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിലാണ് പ്രത്യേക സംവിധാമൊരുങ്ങുന്നത്.
സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി ചെയ്യാന്‍ തയ്യാറാകുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.
നട്ടെല്ലിന്റെ വളവ് സര്‍ജറിയിലൂടെ നേരെയാക്കുന്നതാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി. എട്ട് മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ 300 ഓളം സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറികള്‍ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്. എന്‍.എച്ച്.എം. വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം ഇതിനായി ലഭ്യമാക്കും.