വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂന്നാം തവണയാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത് തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ്. ആദിവാസികളെ പോലെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയാണ് മത്സ്യത്തൊഴിലാളികള്‍. തീരപ്രദേശങ്ങളിലെല്ലാം പട്ടിണിയാണ്. തീരശോഷണവും അതേത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്നതും മത്സ്യലഭ്യതയുടെ കുറവും മണ്ണെണ്ണയുടെ വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. മത്സ്യബന്ധന ദിനങ്ങളുടെ എണ്ണത്തില്‍ 46 ശതമാനം കുറവുണ്ടായിരിക്കുകയാണ്. കടലില്‍ പോയില്ലെങ്കില്‍ പട്ടിണിയാകുന്ന അവസ്ഥയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തെ സമീപിക്കേണ്ടത്.
സമരം തുടങ്ങുന്നതിന് മുന്‍പേ വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അടിയന്തിര പ്രമേയം അവതരിപ്പിച്ച എം. വിന്‍സെന്റ് കരയുകയാണോയെന്നാണ് ചിലര്‍ ചോദിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞു. സിമെന്റ് ഗോഡൗണില്‍ പോയി കണ്ട കാഴ്ചകള്‍ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ചതാണ്. രണ്ടാഴ്ചക്കാലം മുന്‍പ് പ്രസവിച്ച കുഞ്ഞ് ഈച്ച പൊതിഞ്ഞ അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് അവരെ പുനരധിവസിപ്പിക്കണമെന്ന് കൈകൂപ്പിക്കൊണ്ട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.
സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയെ സമീപിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്തത്. അതിനെതിരായ പ്രതിഷേധമാണ് വിഴിഞ്ഞത്തുണ്ടായത്. നാല് പള്ളിക്കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതും സമരക്കാരെ മനപൂര്‍വം സംഘര്‍ഷത്തിലേക്ക് തള്ളിവിടാനായിരുന്നു. അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ അതിനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരാമെന്ന ധാരണ സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയിരുന്നോ? പ്രതിപക്ഷം ഭരണപക്ഷത്തോട് ചോദ്യം ഉന്നയിച്ചു.
സമരത്തെ തകര്‍ക്കാന്‍ സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുവരെയുണ്ടാക്കി. മന്ത്രിക്കെതിരായ വൈദികന്റെ വര്‍ഗീയ പരാമര്‍ശം വന്നപ്പോള്‍ ശക്തമായി എതിര്‍ത്തത് പ്രതിപക്ഷമാണ്. ദേശാഭിമാനി മാത്രം വായിക്കുന്നത് കൊണ്ടാണ് സി.പി.എമ്മുകാര്‍ ഇതൊന്നും അറിയാത്തത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പറയേണ്ടത് പറയുന്നതാണ് പ്രതിപക്ഷ നിലപാട്. അല്ലാതെ ആളിക്കത്തിക്കാന്‍ ശ്രമിക്കില്ല. വൈദികന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും അത് ആളിക്കത്തിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുതെന്നും സഭയില്‍ ഉണര്‍ത്തി.