X

ഷാര്‍ജയില്‍ ഉച്ചസമയത്തെ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തുന്നു

ദുബൈ: ഷാര്‍ജയില്‍ ഉച്ചസമയത്ത് അനുവദിച്ചിരുന്ന സൗജന്യ പാര്‍ക്കിംഗ് അവസാനിപ്പിക്കുന്നു. നിലവില്‍ ഉച്ചക്ക് 1 മുതല്‍ 5 വരെ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്നുണ്ട്. ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിനസ് സ്ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍ എത്തുന്നതിനുള്ള തടസ്സം ഒഴിവാക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം. നിലവില്‍ ഷാര്‍ജയിലെ പെയ്ഡ് പാര്‍ക്കിംഗ് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ്. തുടര്‍ന്ന് വൈകിട്ട് അഞ്ചു വരെ പാര്‍ക്കിംഗ് സൗജന്യമാണ്. അഞ്ചു മുതല്‍ രാത്രി 10 വരെ പാര്‍ക്കിംഗിന് പണം നല്‍കണം. പുതിയ മാറ്റം പ്രാബല്യത്തിലാകുന്നതോടെ എല്ലാ പൊതു പാര്‍ക്കിംഗ് സംവിധാനങ്ങളും പെയ്ഡ് പാര്‍ക്കിംഗ് ആയി മാറുമെന്ന് മുനിസിപ്പാലിറ്റി വെബ്‌സൈറ്റില്‍ പറയുന്നു.

വാണിജ്യ സ്ഥാപനങ്ങളിലും സൂഖുകളിലും സമീപ പാര്‍ക്കിം സ്ഥലങ്ങളില്‍ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമുണ്ടാക്കുകയാണ് നടപടി ലക്ഷ്യം. ഉച്ച സമയത്തെ സൗജന്യ പാര്‍ക്കിംഗ് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ടായിരുന്നു. സൗജന്യ സമയം മുഴുവന്‍ ഉപയോഗപ്പെടുത്തുന്ന ഇത്തരക്കാര്‍ വാണിജ്യ സ്ഥാപനങ്ങളിലെത്തുന്നവര്‍ക്ക് തടസ്സമായിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് ഒഴിവാക്കിയതോടെ അത്യാവശ്യക്കാര്‍ മാത്രമേ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇടയുള്ളൂ. ഇതോടെ ഷോപ്പുകളില്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ലഭ്യമാവുകയും ചെയ്യും. തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

chandrika: