കണ്ണൂരില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ ഒന്നരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്. സാധാരണക്കാരെ പറ്റിച്ച സെക്രട്ടറി തട്ടിപ്പ് വിവരം പുറത്തായതോടെ ഒളിവില്‍ പോയി. പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയാണ് സഹകരണവകുപ്പിന്റെ അനുമതിയില്ലാതെ ചിട്ടി നടത്തി പണം തട്ടിയത്. പണം നഷ്ടപ്പെട്ടവര്‍ ബാങ്ക് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സിപിഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ ഓപറേറ്റീവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി 2017 ലാണ് 876 പേരില്‍ നിന്നായി ഒരു ലക്ഷം രൂപയുടെ ചിട്ടി തുടങ്ങിയത്. കാലാവധി പൂര്‍ത്തിയായിട്ടും 315 പേര്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കിയില്ല. ആകെ ഒരു കോടി എണ്‍പത്തി അഞ്ച് ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു എന്നാണ് പൊലീസിന് നല്‍കിയ പരാതി.
തട്ടിപ്പ് പുറത്ത് വന്നതോടെ പല തവണ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിട്ടും പരിഹാരം കാണാതായതോടെ കഴിഞ്ഞ വ്യാഴാഴ്ച നൂറിലേറെ നിക്ഷേപകര്‍ സൊസൈറ്റിയിലെത്തി ഉപരോധ സമരം നടത്തി. സ്വന്തം വീട് വിറ്റ് പണം തിരികെ നല്‍കാമെന്ന് സൊസേറ്റി സെക്രട്ടറി പിവി ഹരിദാസ് എഴുതി നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. എന്നാല്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു എന്നും പണം താന്‍ തട്ടിപ്പ് നടത്തിയില്ലെന്നും കാട്ടി സെക്രട്ടറി പൊലീസില്‍ പരാതി നല്‍കി. അര്‍ദ്ധരാത്രിയെത്തി സൊസൈറ്റിയിലെത്തി മിനിറ്റ്സ് ഉള്‍പെടെയുള്ള രേഖകള്‍ കടത്താനുള്ള ശ്രമത്തിനിടെ ഇതേ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.