നിര്‍മിത ബുദ്ധിയിലൂടെ നിര്‍മിച്ച വീഡിയോ കോളിലൂടെ തട്ടിപ്പ് നടന്ന സംഭവത്തോടെ മുന്നറിയിപ്പുമായി പൊലീസ്. വ്യാജ കോളുകള്‍ വന്നാല്‍ ഉടനെ സൈബര്‍ സെല്ലിനെ വിവരമറിയിക്കണം. ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ലാണ് വിളിക്കേണ്ടത്.
വാട്‌സ്ആപ്പ് കോളിലൂടെ സൃഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ തട്ടിയെടുത്തിരുന്നു. സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥന്റെ പണമാണ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വാട്‌സ്ആപ്പ് കോളില്‍ വന്ന വ്യക്തി ആന്ധ്രപ്രദേശ് സ്വദേശിയായ സുഹൃത്താണെന്നു തെറ്റിദ്ധരിപ്പിച്ച് പണം കൈവശപ്പെടുത്തുകയായിരുന്നു.
ബന്ധുവിന് മുംബൈയിലെ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്കായി പണം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു കോള്‍. സുഹൃത്തിന്റെ ശബ്ദവും ഫോട്ടോയുമൊക്കെ കണ്ടതോടെ ഉദ്യോഗസ്ഥന് സംശയമൊന്നും തോന്നിയില്ല. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി പണം കൈമാറുകയായിരുന്നു.