മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. പലിശരഹിത ഭവന പദ്ധതിയുടെ പേരില്‍ സൊസൈറ്റി വഴി പണം തട്ടിയാണ് ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സൊസൈറ്റി ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷെബിത, ഷെയ്ഖ് സാലിഫ്, ഇന്ദിരാ കുട്ടപ്പന്‍, ബഫീഖ് ബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ ബഫീഖ് ബക്കര്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ റൂറല്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് സൊസൈറ്റി വഴി 10 പേരില്‍ നിന്ന് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 10 പേരില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. ബാക്കി ഒന്‍പത് പേരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. സ്ഥലം ഉള്‍പ്പെടെ വീട് പണിത് നല്‍കുന്ന പദ്ധതി ആണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും യാതൊരുവിധ പണിയും നടക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
എന്നാല്‍ പണി തുടങ്ങാത്തതില്‍ പന്തികേട് തോന്നി വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് ഭൂമി സൊസൈറ്റിയുടെ കീഴില്‍ അല്ല എന്ന് മനസ്സിലായത്. സൊസൈറ്റിയുടെ ഭൂമിയാണ് എന്ന് പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. മൊത്തം പദ്ധതി ചെലവിന്റെ ഒരു ഭാഗം അപേക്ഷകര്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരുടെ കയ്യില്‍ നിന്നും പണം വാങ്ങിയത്.
10 വീടുകളില്‍ രണ്ടു വീടിന്റെ തറപ്പണി മാത്രമാണ് നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്തെങ്കിലും പ്രശനം ഉണ്ടെങ്കില്‍ പണം ഉടനെ തിരികെ നല്‍കുമെന്ന് സൊസൈറ്റി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംശയം തോന്നി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ഉണ്ട്.