മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് തയാറെടുക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ 17കാരിയുടെ പേരിൽ പണം തട്ടുന്നതായി പരാതി. കോട്ടക്കൽ കുറ്റിപ്പുറത്ത് ഓട്ടോ ഡ്രൈവർ സെയ്തലവിയുടെ മകൾ പരേതയായ ഹന്ന മോളുടെ പേരിലാണ് നവ മാധ്യമങ്ങൾ വഴി പണം തട്ടുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബർ ഒമ്പതിനാണ് ഹന്ന മോൾ മരിച്ചത്. നാട്ടുകാരുടെ ശ്രമഫലമായി പണം കണ്ടെത്താൻ അന്ന് വിഡിയോ നിർമിച്ചിരുന്നു.
പൊതുപ്രവർത്തകൻ ഷമീര്‍ കുന്നമംഗലത്തിന്റെ നേതൃത്വത്തില്‍ അഞ്ചുദിവസംകൊണ്ട് സമാഹരിച്ചത് ഒരു കോടി 40 ലക്ഷത്തിലേറെ രൂപയാണ്. അന്ന് പണം കണ്ടെത്താൻ നിർമിച്ച വിഡിയോയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടും പേരും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രചാരണം. പിതാവ് കോട്ടക്കൽ പൊലീസിൽ പരാതി നൽകി.