X

സൂപ്പര്‍മാര്‍ക്കറ്റിന്റെ 850,000 ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമം

ദുബൈ: വ്യാജ രേഖയുണ്ടാക്കി യു.എ.ഇ കേന്ദ്രമായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ 850,000 ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമം. കമ്പനി മാനേജിംഗ് ഡയറക്ടറുടെ ഡു സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് കരസ്ഥമാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കമ്പനിയുടെ വാണിജ്യ സംബന്ധമായ ഇടപാടുകള്‍ക്ക് ഈ സിം ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.കെ മൂര്‍ത്തി പറഞ്ഞു. മാനേജിംഗ് ഡയറക്ടറുടെ സിം ഡീ ആക്ടിവേറ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിലാണ് സംഭവം. എം.ഡി വിളിച്ചതിനെ തുടര്‍ന്ന് ബില്‍ പൂര്‍ണമായും അടച്ചെന്നു മറുപടി നല്‍കി.

തുടര്‍ന്ന് കമ്പനി പി.ആര്‍.ഒ ഡുവുമായി ബന്ധപ്പെട്ടപ്പോഴാണ് ഡ്യൂ്പ്ലിക്കേറ്റ് സിം എടുത്തതായി വിവരം ലഭിച്ചത്. എന്നാല്‍ തങ്ങളുടെ പക്ഷത്ത് തെറ്റ് പറ്റിയിട്ടില്ലെന്നാണ് ഡു അവകാശപ്പെടുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട ്‌ചെയ്തു. വാണിജ്യ കരാര്‍ അനുസരിച്ച് മാനേജിംഗ് ഡയറക്ടര്‍, പി.ആര്‍.ഒ എന്നിവര്‍ക്ക് മാത്രമേ ഇടപാടുകള്‍ നടത്താന്‍ അനുമതിയുള്ളൂവെന്ന് മൂര്‍ത്തി വ്യക്തമാക്കുന്നു. സിം ഉപയോഗിച്ച് 854,000 ദിര്‍ഹം തട്ടിപ്പുകാര്‍ ഷാര്‍ജയിലെ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്നും മൂര്‍ത്തി വെളിപ്പെടുത്തി.

എം.ഡിയുടെ ഒപ്പ്, കമ്പനി സീല്‍, മറ്റു രേഖകള്‍ തുടങ്ങിയവ തട്ടിപ്പുകാര്‍ കൃത്രിമമായി നിര്‍മിച്ചിരുന്നു. പണം മാറ്റാന്‍ കമ്പനിയുടെ ട്രേഡ് ലൈസന്‍സും ഇവര്‍ വ്യാജമായി സൃഷ്ടിച്ചു.ഉയര്‍ന്ന സംഖ്യ കൈമാറുമ്പോള്‍ ബാങ്കില്‍ നിന്നും അക്കൗണ്ട് ഉടമയെ വിളിക്കുന്ന പതിവുണ്ട്. അതിനായി തട്ടിപ്പുകാരന്‍ സിം ഓണാക്കി കാത്തിരുന്നെങ്കിലും ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജര്‍ക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണം. തുടര്‍ന്ന് ഇദ്ദേഹം മൂര്‍ത്തിയുമായി ബന്ധപ്പെടുകയായിരുന്നു. അതേസമയം രേഖകള്‍ പ്രകാരം സിം മാറ്റി നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഡു വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

chandrika: