തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. നിയമനടപടിക്ക് മുന്നോടിയായി പാര്‍ട്ടി തലത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്.
കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍നിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്നാണ് കമ്പനി ആരോപിക്കുന്നത്. 2016 ജൂണ്‍ ഒന്നിനു മുന്‍പ് പണം തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്ന 2,09,704 ദിര്‍ഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്. ഇതുമായി ബന്ധപ്പെട്ട് കൊടിയേരിയുമായി ചിലര്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും കാര്യങ്ങള്‍ രമ്യതയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് കമ്പനി നിയമനടപടികളിലേക്ക് പോകുന്നത്.
അതേസമയം, ബിനോയിക്കെതിരെ അഞ്ചു ക്രിമിനല്‍ കേസുകള്‍കൂടി ദുബായിലുണ്ടെന്നും കമ്പനി ആരോപിക്കുന്നു. സംഭവം പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.