X

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്; മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍, ഷോറൂമുകള്‍ക്ക് പിഴയിട്ടു

ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് 1000 മുതല്‍ 1400 വരെ പവര്‍ കൂട്ടി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയത്.

ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ നാല് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമുകള്‍ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. 12 ബ്രാന്‍ഡുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. പരമാവധി വേഗത 25 കിലോമീറ്റര്‍ പെര്‍ അവര്‍ ആണെന്നിരിക്കെ പല സ്‌കൂട്ടറുകള്‍ക്കും 48 കിലോമീറ്റര്‍ സ്പീഡ് ഉള്‍പ്പെടെയാണ് നല്‍കുന്നത്.

വരുംദിവസങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ തുടരും. ഇന്ന് നടത്തിയ പരിശോധനയില്‍ എറണാകുളം ജില്ലയില്‍ മാത്രം 11 ഷോറൂമുകളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന വാഹനങ്ങളില്‍ കൃത്രിമത്വം കണ്ടെത്തി. ഓടിക്കാന്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വേണ്ടാത്ത വാഹനങ്ങളിലാണ് ഇത്തരത്തിലുള്ള വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

webdesk13: