കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അടുത്ത മാസം ആറു വരെ റിമാന്റു ചെയ്തു. പാലാ സബ് ജയിലിലേക്ക് ബിഷപ്പിനെ മാറ്റും. പാലാ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഫ്രാങ്കോ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തില്‍ നുണ പരിശോധന അടക്കമുള്ളവയിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം. ഇതുസംബന്ധിച്ച അപേക്ഷ പൊലീസ് ഉടന്‍ നല്‍കിയേക്കും.
അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടുകയാണ് വേണ്ടതെന്ന് കോടതി നിലപാടെടുത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കു പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ, ഹര്‍ജിക്കാര്‍ പിന്‍വലിച്ചു.