ലണ്ടന്‍:കിട്ടിയത് ആറ് ഗോളുകളാണ്… ഒന്നിന് പിറകെ ഒന്നായി മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ ചെല്‍സിയുടെ ഗോള്‍ വല നിറച്ചപ്പോള്‍ നീലപ്പടയുടെ കോച്ച് മൗറിസിയോ സാറിക്ക് 93 മിനുട്ട് തല ഉയര്‍ത്താന്‍ പോലുമായിരുന്നില്ല. മല്‍സരത്തിന് ശേഷം സാധാരണ ഗതിയില്‍ പരിശീലകര്‍ ഹസ്തദാനം നടത്താറുണ്ട്. സാറി അതിന് പോലും തയ്യാറായില്ല. സിറ്റി കോച്ച് പെപ് ഗുര്‍ഡിയോള ഹസ്തദാനത്തിന് വന്നപ്പോള്‍ അത് കാണാത്ത മട്ടില്‍ തലയും താഴ്ത്തി വേഗം ടണലിലേക്ക് പോവുകയായിരുന്നു സാറി.ഇന്നലെ ക്ലബ് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും സാറിയുടെ പണി പോവുമെന്നാണ് അകത്തള വര്‍ത്തമാനങ്ങള്‍. റഷ്യക്കാരനായ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചാണ് ക്ലബിന്റെ അധിപന്‍. അദ്ദേഹം സ്ഥലത്തില്ല. പക്ഷേ എന്ത് തീരുമാനത്തിനും മടിക്കാത്ത വ്യക്തി എന്ന നിലയില്‍ അബ്രമോവിച്ചിന്റെ തീരുമാനം എന്താവുമെന്ന ആശങ്ക കോച്ചിനുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ കഴിഞ്ഞ 28 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും വലിയ തോല്‍വി ചെല്‍സിക്കുണ്ടായിട്ടില്ല. മുന്‍നിര ക്ലബുകളില്‍ ഒന്നായി നില്‍ക്കുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് സമീപകാലം വരെ ചെല്‍സി നടത്തിയത്. പക്ഷേ സിറ്റിക്ക്് മുന്നിലെ തോല്‍വി വഴി താരങ്ങളുടെ പിന്തുണ കോച്ചിന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുകയാണെങ്കില്‍ കോച്ചിന് കസേര പോവും.
താരങ്ങളോടും കോച്ചിനോടും സംസാരിക്കുന്ന സ്വഭാവക്കാരനല്ല അബ്രമോവിച്ച്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിളി ഏത് തരത്തിലാവുമെന്ന കാര്യത്തില്‍ കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഒരു രൂപവുമില്ല. ക്ലബ് ഡയരക്ടര്‍ മറീന ഗ്രനോസാക്കിയയാണ് ക്ലബിന്റെ കാര്യങ്ങളില്‍ ഇടപെടാറുള്ളത്. അബ്രമോവിച്ചിന്റെ തീരുമാനങ്ങള്‍ അവരാണ് നടപ്പിലാക്കാറുള്ളത്. അതിനാല്‍ ഡയരക്ടറായിരിക്കും ഒരു പക്ഷേ നിര്‍ണായക തീരുമാനം കോച്ചിനെ അറിയിക്കുക.
കഴിഞ്ഞ എട്ട് മല്‍സരങ്ങളില്‍ ചെല്‍സിയുടെ നാലാം തോല്‍വിയാണിത്. ഈഡന്‍ ഹസാര്‍ഡിനെ പോലുള്ള ചാമ്പ്യന്‍ താരങ്ങളുണ്ട് ക്ലബിന്. ഈയിടെയാണ് അര്‍ജന്റീനക്കാരനായ ഗോണ്‍സാലോ ഹ്വിഗീനെ ലോണില്‍ ഏ.സി മിലാനില്‍ നിന്നും വാങ്ങിയത്. സാറി ഇറ്റാലിയന്‍ സിരിയ എ യില്‍ നാപ്പോളിയുടെ പരിശീലകനായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ചെല്‍സി സ്വന്തമാക്കിയത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. പക്ഷേ പിന്നീട് കോച്ചും താരങ്ങളും തമ്മില്‍ അകന്നുവെന്നാണ് റിപ്പോര്‍ട്ട്.
താന്‍ ഇത് വരെ ക്ലബ് ഉടമയോട് സംസാരിച്ചിട്ടില്ലെന്നാണ് സാറി പറയുന്നത്. ടീമിനെക്കുറിച്ചോര്‍ത്താണ് എന്റെ ആശങ്ക. താരങ്ങള്‍ മികച്ച് കളിക്കണം. അവരോടാണ് എന്റെ അഭ്യര്‍ത്ഥന.ക്ലബിന്റെ അടുത്ത മല്‍സരം വ്യാഴാഴ്ച്ചയാണ്. യൂറോപ്പ ലീഗില്‍ സ്വീഡിഷ് ടീമായ മാല്‍മോയുമായാണ് കളി. ഈ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുക മാത്രമാണ് കോച്ചിനും താരങ്ങള്‍ക്കും മുന്നിലുള്ള വലിയ വഴി. ഈഡന്‍ ഹസാര്‍ഡ്, ഡേവിഡ് ലൂയിസ്, നക്കാലെ കാണ്ടേ തുടങ്ങിയവരെല്ലാം കളിച്ചിട്ടും ടീം വലിയ മല്‍സരങ്ങളില്‍ തോല്‍ക്കുന്നുവെന്നതാണ് ഫാന്‍സിനെയും ആശങ്കപ്പെടുത്തുന്നത്.സാറി പുറത്താവുന്ന പക്ഷം പുതിയ കോച്ചായി ടീമിന്റെ മുന്‍ നായകന്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ പേരും കേള്‍ക്കുന്നുണ്ട്.