X

ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയും നേരത്തെ രാജിവെക്കണമായിരുന്നു

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭയു. ബിഷപ്പ് നേരത്തെതന്നെ രാജിവെക്കണമായിരുന്നുവെന്ന് കെആര്‍എല്‍സിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ വക്താവ് ഷാജി ജോര്‍ജ്ജ് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്‌ക്കെതിരെ യുള്ളതാണെന്ന ബിഷപ്പിന്റെ വാദം തെറ്റാണ്. ഫ്രാങ്കോക്കെതിരായി ഉയര്‍ന്ന ആരോപണം തികച്ചും വ്യക്തിപരമാണ്. താനാണ് സഭ എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. ഇത് കത്തോലിക്ക സഭയുടെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമാണ്. രാജി നേരത്തെ തന്നെ വേണമായിരുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു ബിഷപ്പ്‌ചെയ്യേണ്ടിയിരുന്നത്.

സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സഭാ പിതാവെന്ന നിലയില്‍ ബിഷപ്പ് ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം അധ്യക്ഷനായ സമിതിയാണ്‌കേരള റീജ്യണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍.

chandrika: