കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പാലാ മജിസ്‌ട്രേറ്റ് രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവുകള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിഭാഗം അഭിഭാഷകരുന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റിഡിയില്‍ വിട്ടത്. ബിഷപ്പിന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് ശേഖരിച്ചെന്നും ഇതുവരെ നടന്ന ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാലും ഇനി പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്നു ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും തിങ്കളാഴ്ച ഉച്ചക്ക് 2.30 വീണ്ടും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.