കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് അയച്ചു. അടുത്തമാസം 11ന് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാകേണ്ടത്. പൊലീസ് ജലന്ധറിലെത്തി ഫ്രാങ്കോ മുളയ്ക്കലിന് സമന്‍സ് കൈമാറുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ അപമാനിക്കുന്നുവെന്ന ആരോപണവുമായി പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നാണ് പരാതി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
യൂടൂബ് ചാനലുകള്‍ വഴി തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും, ഫ്രാങ്കോയുടെ അനുയായികള്‍ നടത്തുന്ന ആക്ഷേപം തന്നെ മാനസികമായി തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കേസില്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിക്കുകയാണെന്നും കന്യാസ്ത്രീ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.